Entertainment news
ശ്രീനി അങ്കിളിന്റെ മുന്നില്‍ ധ്യാന്‍ ചേട്ടന്‍ ഒന്നുമല്ല, പ്രൊമാക്‌സാണ് അദ്ദേഹം: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 18, 02:06 pm
Saturday, 18th February 2023, 7:36 pm

ശ്രീനിവാസന്റെ കഥകള്‍ക്കും കൗണ്ടറുകള്‍ക്കും മുന്നില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒന്നുമല്ലെന്ന് നടി രജിഷ വിജയന്‍. കീടമെന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ചപ്പോഴാണ് തനിക്ക് അത് മനസിലായതെന്നും കൗണ്ടറിന്റെ രാജാവാണ് അദ്ദേഹമെന്നും രജിഷ പറഞ്ഞു.

സെറ്റില്‍ വെച്ച് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സിനിമാകഥകള്‍ തനിക്ക് പറഞ്ഞ് തരാറുണ്ടെന്നും എല്ലാ സെക്കന്റിലും അദ്ദേഹത്തിന് രസകരമായ കമന്റുകള്‍ കേള്‍ക്കാമെന്നും രജിഷ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പുതുമുഖങ്ങളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കര രസമാണ്. കാരണമെന്തെന്നാല്‍ ഒന്നുമറിയാതെ അഭിനയിക്കാന്‍ വരുന്നവരില്‍ നിന്നും നമുക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടാകും. അതുപോലെ അവര്‍ക്ക് നമുക്ക് അറിയുന്നത് പറഞ്ഞ് കൊടുക്കാനും പറ്റും.

വര്‍ക്ക് ചെയ്ത് അനുഭവങ്ങളുള്ളവരുടെ കൂടെ അഭിനയിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്. ഒന്നാമത് അവരില്‍ നിന്നും പഠിക്കാന്‍ കൂടുതല്‍ ഉണ്ടാവും. അതിലുപരി ഒരുപാട് കഥകള്‍ കേള്‍ക്കാന്‍ സാധിക്കും.

ശ്രീനി അങ്കിളിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല രസമായിരുന്നു. ഞാനും അങ്കിളും നല്ല കമ്പനിയാണ്. കൗണ്ടറിന്റെ രാജാവാണ് അദ്ദേഹം. എല്ലാ സെക്കന്റിലും കമന്റ് വരും.

ശ്രീനി അങ്കിളിന്റെ മുന്നില്‍ ധ്യാന്‍ ചേട്ടന്‍ ഒന്നുമല്ല. ധ്യാന്‍ ചേട്ടന്റെയൊക്കെ പ്രൊമാക്‌സാണ് ശ്രീനി അങ്കിള്‍. വിനീത് ഏട്ടന് മാത്രമാണ് വ്യത്യാസമുള്ളത്. ശ്രീനിയേട്ടന്‍ അദ്ദേഹത്തിന്റെ പണ്ടത്തെ സിനിമകളുടെ അനുഭവം പറയും,” രജിഷ പറഞ്ഞു.

content highlight: actress rajisha vijayan about sreenivasan