വീട്ടുകാരെ വിഷമിപ്പിച്ചുള്ള പ്രണയത്തില്‍ സന്തോഷമുണ്ടാവില്ല, വിവാഹത്തിന് അവര്‍ സമ്മതിച്ചതുകൊണ്ട് മാത്രം ഭര്‍ത്താവിനെ തേച്ചില്ല: നിത്യ ദാസ്
Entertainment news
വീട്ടുകാരെ വിഷമിപ്പിച്ചുള്ള പ്രണയത്തില്‍ സന്തോഷമുണ്ടാവില്ല, വിവാഹത്തിന് അവര്‍ സമ്മതിച്ചതുകൊണ്ട് മാത്രം ഭര്‍ത്താവിനെ തേച്ചില്ല: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th March 2023, 12:21 pm

അച്ഛനെയും അമ്മയേയും വിഷമിപ്പിച്ചിട്ടുള്ള പ്രണയത്തില്‍ സന്തോഷം കിട്ടില്ലെന്ന് നടി നിത്യ ദാസ്. തന്റെ പ്രണയ വിവാഹമായിരുന്നുവെന്നും തുടക്കത്തില്‍ വീട്ടില്‍ ഇഷ്ടമില്ലായിരുന്നുവെന്നും നിത്യ പറഞ്ഞു.

വീട്ടുകാരുടെ സമ്മതമില്ലായിരുന്നുവെങ്കില്‍ താന്‍ പ്രണയം ഉപേക്ഷിക്കുമായിരുന്നെന്നും നിത്യ പറഞ്ഞു. സില്ലി മോങ്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ കല്യാണത്തിന് ആദ്യം വീട്ടില്‍ ഇഷ്ടമില്ലായിരുന്നു. വേറെ ആള്‍ക്കാരാണ്, വേറെ ഭാഷക്കാരാണ്. നമ്മള്‍ കോഴിക്കോട്ടുകാരാണ്. പൊതുവെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോലും കല്യാണം കഴിച്ച് കൊടുക്കില്ല.

അങ്ങനെ പോലും കല്യാണം കഴിച്ചുകൊടുക്കാത്ത ഇടത്ത് നിന്ന് കശ്മീരിലേക്ക് പറഞ്ഞു വിടുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ കഴിക്കില്ലായിരുന്നു. അത് എന്ത് പ്രണയമായിരുന്നാലും അച്ഛനെയും അമ്മയേയും വിഷമിപ്പിച്ചിട്ടുള്ള ഒരു പ്രണയത്തില്‍ എങ്ങനെയാണ് നമുക്ക് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക.

അതിനോട് ഞാന്‍ അന്നും യോജിക്കുന്നില്ല, ഇന്നും യോജിക്കുന്നില്ല. പിന്നെ അവര്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ തേച്ചില്ല. അവര് സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ അദ്ദേഹത്തെ വേണ്ടയെന്ന് വെക്കുമായിരുന്നു,” നിത്യ ദാസ് പറഞ്ഞു.

പള്ളിമണിയാണ് നിത്യ ദാസിന്റെ പുതിയ ചിത്രം. ശ്വേത മേനോന്‍, കൈലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അനില്‍ കുമ്പഴയാണ് പള്ളിമണിയുടെ സംവിധായകന്‍.

content highlight: Actress Nitya Das says that will not find happiness in love which has troubled her father and mother