Entertainment news
സിനിമ കണ്ടിട്ട് ജയസൂര്യ എന്നെ വിളിച്ചു, മേരിക്കുട്ടിയിലെ നടനാണോ എന്നാണ് ഞാന്‍ ചോദിച്ചത്: കനകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 11, 09:52 am
Saturday, 11th February 2023, 3:22 pm

ജയ ജയ ജയ ജയഹേ എന്ന ഒറ്റ സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനകം. സിനിമയില്‍ ബേസില്‍ ജോസഫ് അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് കനകം അഭിനയിച്ചത്. സിനിമയിലെ പ്രകടനത്തിന് താരത്തിന് ഒരുപാട് പ്രശംസകളും ലഭിച്ചിരുന്നു.

സിനിമ കണ്ടതിനുശേഷം നടന്‍ ജയസൂര്യ തന്നെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് കനകമിപ്പോള്‍. ജയസൂര്യ വിളിച്ചപ്പോള്‍ ആരോ തന്നെ പറ്റിക്കാനായി വിളിച്ചതാണെന്നാണ് കരുതിയതെന്നും പിന്നീട് വീഡിയോകോള്‍ വിളിച്ചപ്പോഴാണ് വിശ്വസിച്ചതെന്നും കനകം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമകണ്ടിട്ട് രണ്ട് ദിവസത്തിനുള്ളില്‍ ജയസൂര്യ എന്നെ വിളിച്ചിരുന്നു. ഞാന്‍ ബേസിലിന്റെ കയ്യില്‍ നിന്നുമാണ് നമ്പര്‍ വാങ്ങിച്ചതെന്നും പറഞ്ഞു. അപ്പോള്‍ ഞാന്‍ ഓര്‍ത്തു ഏത് ജയസൂര്യയെന്ന്. ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും ചോദിച്ചു മേരിക്കുട്ടിയില്‍ അഭിനയിച്ച ജയസൂര്യയാണോ എന്ന്.

എനിക്ക് ഈ വി.ഐ.പികളുടെ നമ്പര്‍ കണ്ടാലറിയാം. കുറേ സീറോയൊക്കെ കാണും. സുരാജ് വിളിച്ചപ്പോള്‍ ഞാന്‍ നോക്കിയിരുന്നു. ആയിരം,അഞ്ഞൂറ് എന്നൊക്കെ കാണും. ജയസൂര്യയാണെന്ന് പറഞ്ഞ് എന്നെ വിളിച്ച നമ്പര്‍ ഞാന്‍ കൃത്യമായി നോക്കി. അപ്പോള്‍ എനിക്ക് മനസിലായി ആരോ എന്നെ പറ്റിക്കാന്‍ വിളിക്കുന്നതാണെന്ന്.

അങ്ങനെ ഞാന്‍ പറഞ്ഞു, ജയസൂര്യയാണെങ്കില്‍ ഒന്ന് വീഡിയോ കോള്‍ ചെയ്യാന്‍. പറഞ്ഞപ്പോള്‍ തന്നെ അവിടുന്ന് വീഡിയോ കോള്‍ ചെയ്തു. അപ്പോഴാണ് മനസിലായത് അത് ജയസൂര്യ തന്നെയാണെന്ന്. എന്നെ കണ്ടപ്പോള്‍ തന്നെ ജയസൂര്യ പറഞ്ഞു ഇത് ഇഡിയപ്പം അമ്മയല്ലല്ലോ വേറെ അമ്മയാണല്ലോയെന്ന്.

അന്ന് മാത്രമെ അദ്ദേഹം എന്നെ വിളിച്ചിട്ടുള്ളു. അല്ലാതെ പിന്നെ ഇതുവരെ വിളിച്ചിട്ടില്ല. ഞാനും അങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല,’ കനകം പറഞ്ഞു.

content highlight: actress kanaka about jayasurya phone call