പുത്തന്‍ പണം, പരോള്‍, മാമാങ്കം എന്നീ സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച താരമാണ് ഇനിയ. മാമാങ്കത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് പറയാന്‍ മമ്മൂട്ടിയെ വിളിച്ചപ്പോഴുണ്ടായ തന്റെ അനുഭവം പറയുകയാണ് നടി. ഗ്ലാമറസായിട്ടുള്ള റോളാണ് ആ സിനിമയില്‍ ചെയ്യാനുള്ളതെന്നും നിനക്ക് കുറച്ച് വണ്ണമൊക്കെയില്ലേ എന്നും മമ്മൂട്ടി ചോദിച്ചു എന്ന് ഇനിയ പറഞ്ഞു.
തന്റെ നായിക ആയിട്ടൊക്കെ അഭിനയിച്ചിട്ട് ഇനി ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നത് കരിയറിനെ ബാധിക്കുമോ എന്നും ആലോചിച്ച് മാത്രം തീരുമാനമെടുക്കാനും മമ്മൂട്ടി നിര്‍ദേശിച്ചുവെന്ന് ഇനിയ പറഞ്ഞു. അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പുത്തന്‍ പണം, പരോള്‍, മാമാങ്കം എന്നീ സിനിമകളില്‍ എനിക്ക് മമ്മൂക്കക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. പരോളില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ഞാന്‍ ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. അതിനുവേണ്ടി അല്‍പം വണ്ണമൊക്കെ കൂട്ടിയിരുന്നു.
അതിനുശേഷമാണ് മാമാങ്കം എന്ന സിനിമ വന്നത്. റോള്‍ ഏതാണ്ട് ഓക്കെയാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ച് സംസാരിച്ചു. ആദ്യം അദ്ദേഹം പറഞ്ഞത്, നീ എന്റെ നായികയായി അഭിനയിച്ച ശേഷം ക്യാരക്ടര്‍ റോളിലേക്ക് പോകുന്നത് കരിയറിനെ ബാധിക്കുമോ എന്നാണ്. എന്തായാലും ആലോചിച്ചിട്ടൊക്കെ ചെയ്യാനും അദ്ദേഹം പറഞ്ഞു.
അല്ല മമ്മൂക്ക അത് കുഴപ്പമില്ല, ഇത്രയും നല്ല ഒരു റോള്‍ വിട്ടുകളയാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ‘അതിന് നിനക്ക് നല്ല വണ്ണം ഒക്കെയില്ലേ, അതില് കുറച്ച് ഗ്ലാമറായ കോസ്റ്റിയൂം ഒക്കെയായിരിക്കും’ എന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാന്‍ കുറച്ച് സുന്ദരിയായി വന്നേക്കാമെന്ന് മമ്മൂക്കക്ക് മറുപടി നല്‍കി.
നിന്നെ കൊണ്ട് അത് പറ്റില്ലെന്ന് മമ്മൂക്ക പറഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകളില്‍ എനിക്കത് അനുഭവപ്പെട്ടിരുന്നു. ആ വാശിക്കാണ് വണ്ണം കുറച്ചത്. പരോളില്‍ നിന്ന് മാമാങ്കത്തിലേക്ക് എത്തുമ്പോള്‍ പത്ത് കിലോയോളം ശരീരഭാരം ഞാന്‍ കുറച്ചിരുന്നു.
പിന്നീട് ഞാന്‍ മമ്മൂക്കയെ വിളിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല. സിനിമയുടെ സെറ്റില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ ഞാന്‍ പിന്നെ കാണുന്നത്. എന്നെ കണ്ടപ്പോള്‍ ‘ഹേ ഇതേതാ സുന്ദരി’ എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ കരുതി നീ വര്‍ക്കൗട്ട് ഒന്നും ചെയ്യാത്ത മടിച്ചിയാണെന്നാണ് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂക്ക പറഞ്ഞു,’ ഇനിയ പറഞ്ഞു.
content highlight: actress iniya talks about talks about mammootty