ഉദ്ഘാടനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളില്‍ ഇടംപിടിച്ച താരമാണ് ഹണി റോസ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്ത താരം ഹണി റോസ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരമിപ്പോള്‍. ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
താന്‍ സിനിമയില്‍ വന്നപ്പോള്‍ മുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ സോഷ്യല്‍ മീഡിയ അന്ന് അത്രയും സജീവമല്ലാത്തത് കൊണ്ടാണ് ഇതുപോലെ വൈറലാകാത്തത് എന്നും ഹണി പറഞ്ഞു. ലുലു മാളില്‍ നടന്ന പരിപാടിയുടെ വീഡിയോ വൈറലാകുന്നത് വഴിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതെന്നും ഹണി പറഞ്ഞു.
‘ചില ഉദ്ഘാടനങ്ങള്‍ക്കൊക്കെ ചെന്നപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച അത്രയും ആളില്ലാതെ വന്നിട്ടുണ്ട്. ഈ ഉദ്ഘാടനം എന്നുപറയുന്നത് കുറേ സിനിമകള്‍ ചെയ്യുന്ന സമയത്ത് ഓക്കെയാണ്. അപ്പോള്‍ നമ്മളെ എപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആ സമയം നമ്മള്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്നു എന്നുപറയുമ്പോള്‍ ആളുകള്‍ക്ക് ഒരു പ്രത്യേക വൈബായിരിക്കും.
എന്നാല്‍ നമ്മള്‍ കുറച്ച് നാള്‍ സിനിമയൊന്നും ചെയ്യാതെ ഒരു അനക്കവുമില്ലാതെ ഇരുന്നിട്ട് ഉദ്ഘാടനത്തിന് പോയാല്‍ അവിടെ എന്തായാലും ആള്‍ കുറവായിരിക്കും. ഞാന്‍ ഈ കഴിഞ്ഞ പതിനേഴ് വര്‍ഷമായിട്ട് ഉദ്ഘാടനങ്ങള്‍ സ്ഥിരം ചെയ്യുന്നുണ്ട്. അതായത് ഞാന്‍ സിനിമ ചെയ്യുന്ന കാലം മുതല്‍ ഉദ്ഘാടനങ്ങള്‍ എന്റെ കൂടെയുണ്ട്.
എന്നാല്‍ അന്നൊന്നും അത് അത്ര വൈറലായിരുന്നില്ല. അതിന്റെ കാരണം അന്നൊന്നും സോഷ്യല്‍ മീഡിയ ഇത്രയും സജീവമായിരുന്നില്ല എന്നതാണ്. ലുലുവില്‍ ഒരു പരിപാടിക്ക് പോയപ്പോഴാണ് അതിന്റെ ഒരു വീഡിയോ വൈറലാകുന്നത്. അങ്ങനെയാണ് എന്റെ ഉദ്ഘാടനങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ സംസാരിച്ച് തുടങ്ങുന്നത്.
അങ്ങനെ ഒരു പരിപാടിയാണ് അവിടെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അവര്‍ എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് വളരെ രസകരമായ പരിപാടിയാണെന്നാണ്. എന്നാല്‍ അവിടെ ചെന്ന് കഴിഞ്ഞ് ചോദ്യം ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് മനസിലായത്. നിങ്ങളൊക്കെ ഇപ്പോള്‍ കാണുന്നത് അതിന്റെ എഡിറ്റഡ് വേര്‍ഷനാണ്. പത്ത് നാല്‍പ്പത്തിയഞ്ച് മിനിട്ട് ഉണ്ടായിരുന്നു അത്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് അതുപോലെയുള്ള ചോദ്യങ്ങള്‍ ഞാന്‍ ഫേസ് ചെയ്യുന്നത്,’ ഹണി റോസ് പറഞ്ഞു.