ദിലീപിന് മുന്‍കൂര്‍ ജാമ്യം
Kerala
ദിലീപിന് മുന്‍കൂര്‍ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th February 2022, 10:31 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും  ഉപാധി ലംഘിച്ചാല്‍ അറസ്റ്റിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.

ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം എന്നതാണ് ഉപാധികള്‍.

ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് വിധി പറഞ്ഞത്.

ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം.

സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നല്‍കിയപ്പോള്‍ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ദിലീപിന്റെ വാദം. മൂന്ന് ദിവസം ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ടെന്നും ഒരു തരത്തിലുള്ള നിസ്സഹകരണവും പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. റിക്കവറി നടപടികളെല്ലാം കഴിഞ്ഞതാണെന്നും അതുകൊണ്ട് കസ്റ്റഡി ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിനെ മനപൂര്‍വം കുടുക്കാന്‍ വേണ്ടിയുള്ള കേസാണ് ഇതെന്നും അഡ്വ. ബി രാമന്‍പിള്ള വാദിച്ചിരുന്നു.

അതേസമയം ഹരജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജിയാണ് പ്രോസിക്യൂഷനായി വാദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി വലിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണങ്ങളുടെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

‘ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയും ഇതിലുണ്ട്.

‘ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ’ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു. ഇതിന് മറുപടിയായി ‘ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുതെ’ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.