പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലെത്തിയ നടിയാണ് അനന്യ. പിന്നീടങ്ങോട്ട് നിരവധി വിജയ ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിലുറപ്പിച്ചിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അപ്പന്‍ ആണ് ഒടുവിലിറങ്ങിയ ചിത്രം. തന്റെ സിനിമ അനുഭവങ്ങള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി.
ടിയാന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരു സീന്‍ എടുക്കുമ്പോള്‍ താന്‍ ചിരിച്ചുപോയെന്നും പ്രിത്വിരാജ് സുകുമാരന്‍ തന്നോട് സീരിയസാകണമെന്ന് പറഞ്ഞുവെന്നും അനന്യ പറഞ്ഞു. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയില്‍ ബോംബ് പൊട്ടുന്ന സീന്‍ കണ്ട് തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും നടി പറഞ്ഞു.
‘ ‘ടിയാന്‍’ ചെയ്യുന്ന സമയത്ത് ഒരു സീന്‍ എടുക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോയി. വളരെ സീരിയസ് സീനാണ്, ചിരിക്കല്ലേയെന്നും രാജു (പ്രിത്വിരാജ് സുകുമാരന്‍) എന്നോട് പറഞ്ഞു. വലിയൊരു കുന്നിന്റെ മുകളിലായിരുന്നു ഷൂട്ടിങ്. അപ്പോള്‍ എവിടെനിന്നോ ഒരു കോഴി കൂവി. എനിക്ക് ചിരി കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല.
വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ക്ലൈമാക്സില്‍ ബോംബൊക്കെ പൊട്ടുന്നൊരു സീനുണ്ടായിരുന്നു. അത് വളരെ സീരിയസ് ആയൊരു സീനായിരുന്നു. പക്ഷേ ഞാന്‍ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു മൂന്ന് വട്ടം ആ സീന്‍ റീഷൂട്ട് ചെയ്യേണ്ടിവന്നു, ‘ അനന്യ പറഞ്ഞു.
തനിക്ക് വലിയ ഫിലിം ബാക്ക് ഗ്രൗണ്ടൊന്നുമില്ലെന്നും ഒരു സിനിമയും റിജക്ട് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. തനിക്ക് അധികം ഓഫറുകളൊന്നും വന്നിട്ടില്ലെന്നും സിനിമയോട് വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ എനിക്ക് വലിയ ഫിലിം ബാക്ക് ഗ്രൗണ്ടൊന്നുമില്ല. വിധിയാണെന്നെ സിനിമയിലെത്തിച്ചത്. പോസിറ്റീവാണ് എന്റെ ആദ്യത്തെ സിനിമ. ഞാന്‍ ആദ്യമായി ചെയ്തത് ഒരു ഷോര്‍ട്ട് ഫിലിം ആണ്. ഇതുവരെയത് റിലീസ് ആയിട്ടില്ല. എങ്ങനെ ഞാനതിലേക്ക് എത്തിയെന്നത് എനിക്ക് തന്നെ അറിയില്ല.
ഞാനൊരു സിനിമയും റിജക്ട് ചെയ്തിട്ടില്ല. എനിക്ക് അധികം ഓഫറുകളൊന്നും വന്നിട്ടില്ല. പോസിറ്റീവ് ഇറങ്ങിയ സമയത്ത് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ചോദിച്ചിരുന്നു എന്തിനാണ് ക്ലാസൊക്കെ കട്ട് ചെയ്ത് സിനിമയില്‍ അഭിനയിക്കുന്നതെന്ന്.
എനിക്കും സിനിമയോട് വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. ഒരുപാട് തവണ എന്നെ വിളിച്ചപ്പോഴാണ്, ഒന്ന് ട്രൈ ചെയ്തുനോക്കാമെന്ന് തോന്നിയത്, ‘ താരം പറഞ്ഞു.
Content Highlights: Actress Ananya about prithviraj and Tiyan movie