ഡാന്‍സ് സീനുണ്ടെങ്കില്‍ തന്നെയും ചേര്‍ക്കാന്‍ കാര്‍ത്തികിനോട് പറയണമെന്ന് എന്നോട് പറഞ്ഞിരുന്നു; ഗെയിം ഓഫ് ത്രോണ്‍സ് താരം കോസ്‌മോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
Entertainment
ഡാന്‍സ് സീനുണ്ടെങ്കില്‍ തന്നെയും ചേര്‍ക്കാന്‍ കാര്‍ത്തികിനോട് പറയണമെന്ന് എന്നോട് പറഞ്ഞിരുന്നു; ഗെയിം ഓഫ് ത്രോണ്‍സ് താരം കോസ്‌മോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th June 2021, 11:27 am

ജഗമേ തന്തിരത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്കെത്തിയ ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്‌മോയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ പീറ്റര്‍ സ്‌പ്രൌട്ട് ആയിട്ടായിരുന്നു ജെയിംസ് കോസ്‌മോ എത്തിയത്. ജഗമേ തന്തിരത്തില്‍ അറ്റില്ല എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്.

ഷൂട്ട് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ജെയിംസ് കോസ്‌മോയെ പരിചയപ്പെടാനായെന്നും ഗെയിം ഓഫ് ത്രോണ്‍സ് ഷൂട്ടിംഗിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചുവെന്നും ഐശ്വര്യ പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഷൂട്ട് തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ജെയിംസ് കോസ്‌മോയെ പരിചയപ്പെടാന്‍ സാധിച്ചിരുന്നു. പക്ഷെ ചെറിയ ഒരു ഇന്‍ഹിബിഷനുണ്ടായിരുന്നതുകൊണ്ട് ഞാന്‍ സംസാരിക്കാന്‍ പോയില്ല. പക്ഷെ അദ്ദേഹം ഇങ്ങോട്ട് വന്നു സംസാരിക്കുമായിരുന്നു.

 

വളരെ ഊഷ്മളമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റേത്. എവിടെയാണ് പഠിച്ചത് എന്താണ് പഠിച്ചത് എന്നൊക്കെ ചോദിക്കും. ഒരു വലിയ സിനിമാനടനാണെന്ന് തോന്നുകയേ ഇല്ല.

ആ സമയത്ത് ഞാന്‍ ഗെയിം ഓഫ് ത്രോണ്‍സ് കണ്ടിട്ടില്ല. അദ്ദേഹം സ്‌കോട്ട്‌ലന്റില്‍ സീരിസ് ഷൂട്ട് ചെയ്തതിനെ കുറിച്ചൊക്കെ പറയാറുണ്ട്. സ്‌കോട്ട്‌ലന്റ് കാണണമെന്ന് എന്നോട് പറഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമ എന്നു പറയുമ്പോള്‍ ഡാന്‍സും പാട്ടുമുള്ള ചിത്രങ്ങള്‍ എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സിനിമയില്‍ ഡാന്‍സ് സീക്വിന്‍സ് ഉണ്ടെങ്കില്‍ തന്നെയും ചേര്‍ക്കണമെന്ന് കാര്‍ത്തികിനോട് പറയണമെന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

തമാശ നിറഞ്ഞ രീതിയിലാണ് അദ്ദേഹം സംസാരിക്കുക. സംസാരിച്ചിരിക്കാന്‍ നമുക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരു വ്യക്തിയാണ് ജെയിംസ് കോസ്‌മോ,’ ഐശ്വര്യ പറഞ്ഞു.

ധനുഷിന്റെ നാല്‍പതാം ചിത്രമായ ജഗമേ തന്തിരം ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്‌നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്. ജൂണ്‍ 18നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്

ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Aiswarya Lekshmi about Game of Thrones fame James Cosmo in Jagame Thandhiram