Entertainment news
നീലവെളിച്ചം പേടിപ്പിക്കുന്ന ഹൊറര്‍ അല്ല, ഭ്രമിപ്പിക്കുന്ന ഹൊററാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 14, 05:28 am
Friday, 14th April 2023, 10:58 am

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നീലവെളിച്ചത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ടൊവിനോ. നീലവെളിച്ചം ഒരിക്കലും പേടിപ്പിക്കുന്ന ഹൊററ്  അല്ലെന്നും ഭ്രമിപ്പിക്കുന്ന ഹൊററാണെന്നും ടൊവിനോ പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

”ഇത്രയും സമയം വരെ ഒരു വീട്, അതും അന്നത്തെ ലൈറ്റ് സോഴ്‌സ് എന്ന് പറയുന്നത് വിളക്കാണ്. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അത്രയും വലിയ പറമ്പില്‍ വലിയ വീട്ടില്‍ വെച്ചായിരുന്നു കൂടുതല്‍ ഷൂട്ട് ഉണ്ടായിരുന്നത്.

അതില്‍ എന്റെ ബെഡ്‌റൂമില്‍ വന്ന് കിടന്നാല്‍ പറമ്പില്‍ വലിയൊരു മാവുണ്ട്. അവിടെ നല്ല കാറ്റാണ്. ഫാനിന്റെ ആവശ്യം ഒന്നുമില്ല. നമ്മളെ പേടിപ്പിക്കുന്ന ഹൊറര്‍ സിനിമക്കപ്പുറത്തേക്ക് നമ്മളെ ഭ്രമിപ്പിക്കുന്ന ഹോററാണ് നീലവെളിച്ചം.

ആ വീടിന് അകത്ത് ബഷീറും ഭാര്‍ഗവികുട്ടിയും മാത്രമാണ് ഉള്ളത്. സിനിമയില്‍ ബഷീര്‍ എന്ന് നമ്മള്‍ എവിടെയും പറയുന്നില്ല. സാഹിത്യകാരന്‍ എന്നാണ് വിളിക്കുന്നത്.

ഒരേ സമയം നീലവെളിച്ചത്തെ ഹോറര്‍ സിനിമയായും സൈക്കോളജിക്കല്‍ ത്രില്ലറായും റൊമാന്റിക് മൂവിയായിട്ടെല്ലാം നമുക്ക് തോന്നാം. എല്ലാം കൂടി ചേര്‍ത്ത് വെച്ചിരിക്കുന്ന സിനിമയാണ് ഇത്. അന്നത്തെ കാലത്ത് ഇതെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമയാണ് എടുത്ത് വെച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം,” ടൊവിനോ തോമസ് പറഞ്ഞു.

content highlight: actor tovino thomasa about neelavelicham