വടക്കന്‍ വീരഗാഥയില്‍ കാണിച്ചതിനെ പൊളിറ്റിക്കല്‍ കറക്ടനസായി പറഞ്ഞുകൂടെ, ആ സിനിമയെയൊക്കെ കീറിമുറിക്കാം; പക്ഷേ എല്ലാം കൂടി നന്നാക്കിയിട്ട് നമുക്കൊരു സിനിമ ചെയ്യാന്‍ പറ്റില്ല: ടിനി ടോം
എല്ലാ കാര്യങ്ങളും നന്നാക്കിയിട്ട് സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് നടന്‍ ടിനി ടോം. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സിനിമയില്‍ കാണിക്കുന്നതെന്നും അത്തരം കാര്യങ്ങള്‍ കണ്ട് ആരെങ്കിലും സ്വാധീനിക്കപ്പെടുന്നുണ്ടെങ്കില്‍ അവരുടെ മാനസിക പ്രശ്‌നമാണെന്നും സില്ലി മോംഗ്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.
‘എല്ലാം കൂടി നന്നാക്കിയിട്ട് നമുക്കൊരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മള്‍ വടക്കന്‍ വീരഗാഥ സിനിമ നോക്കുകയാണെങ്കില്‍ തിന്മയുടെ ഭാഗമായിട്ടുള്ള ഒരാളെ നന്മയായി കാണിച്ചു. അതെന്ത് കൊണ്ട് അങ്ങനെ കാണിച്ചുവെന്ന് ചോദിക്കാം. വേണമെങ്കില്‍ അതിനെ പൊളിറ്റിക്കല്‍ കറക്ട്‌നസായിട്ട് പറയാം. ശ്രീനിയേട്ടന്‍ ആണെങ്കില്‍ സ്വയം വിമര്‍ശനമെന്ന രീതിയില്‍ സ്വന്തമായി ബോഡി ഷെയ്മിങ്ങൊക്കെ ചെയ്തിട്ടുണ്ട്.
ആ സിനിമകളൊക്കെ വേണമെങ്കില്‍ ഇപ്പോള്‍ എടുത്തിട്ട് കീറിമുറിക്കാം. ആ ഒരു ചിന്തയോടുകൂടി ഇരിക്കാതെ, കാണുക കേള്‍ക്കുക എന്ന രീതിയില്‍ കലാരൂപത്തെ ആസ്വദിക്കുക എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ അങ്ങനെ ചെയ്യുമ്പോഴും ഒരാളെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ പാടില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണല്ലോ സിനിമയിലും കാണിക്കുന്നത്.
അതൊക്കെ സിനിമയിലേക്ക് വരുമ്പോഴാണ് എന്തുകൊണ്ട് എന്ന തോന്നലുണ്ടാകുന്നത്. ആ ഒരു ചിന്ത മാറ്റി വെക്കണം. നിങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം മാത്രമാണ് സിനിമ. അത് നിങ്ങള്‍ പിന്തുടരണമെന്ന് ആരും പറയുന്നില്ല. പക്ഷെ ചിലരെ അത് സ്വാധീനിച്ചിട്ട് അവര്‍ അത്തരം കാര്യങ്ങളിലേക്ക് പോകുന്നത് അവരുടെ മാനസിക പ്രശ്‌നങ്ങളാണ്,’ ടിനി ടോം പറഞ്ഞു.
അതേസമയം മയക്കുമരുന്നിന് എതിരെ നടത്തിയ തന്റെ പഴയ പ്രസ്താവനയെ കുറിച്ചും അഭിമുഖത്തില്‍ ടിനി ടോം സംസാരിച്ചു. മദ്യത്തിന് എതിരായിട്ട് താന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മയക്ക് മരുന്നിന് എതിരായിട്ടാണ് അന്ന് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മദ്യം ഇതുവരെ കൈകൊണ്ട് തൊടാത്തയാള്‍ ആണെന്നാണല്ലോ പറഞ്ഞിട്ടുള്ളതെന്ന് ടിനിയുടെ പഴയ അഭിമുഖത്തെ ഉദ്ധരിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടിനി. കാര്യങ്ങള്‍ പറയുമ്പോള്‍ വ്യക്തമായി പറയണമെന്നും അവതാരകനോട് അദ്ദേഹം പറഞ്ഞു.
‘ജീവിതത്തില്‍ ഒരിക്കലും മദ്യം കൈകൊണ്ട് തൊടാത്തയാളാണ് ഞാനെന്ന് എവിടെയും പറഞ്ഞിട്ടില്ല. മയക്കുമരുന്നിന് എതിരെയാണ് ഞാന്‍ സംസാരിച്ചത്. പറയുമ്പോള്‍ ഒരു വ്യക്തത വേണമല്ലോ. ഇനി കമ്പനിയടിക്കുന്ന എന്റെ ഏതെങ്കിലും വീഡിയോ വന്ന് കഴിഞ്ഞാല്‍, ഇവനാണോടാ അത് പറഞ്ഞതെന്ന് ചോദിക്കും. നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ പിന്നെയത് മാറ്റി പറയരുത്. അല്‍പം മദ്യം ബോധത്തെ ഉണര്‍ത്തുമെന്ന് ബൈബിളിലുണ്ട് അതുകൊണ്ടാണ്(ചിരി). എന്നെ എയറില്‍ കയറ്റാനുള്ള പരിപാടിയാണല്ലേ,’ ടിനി ടോം പറഞ്ഞു.
content higghlight: actor tini tom about political correctness