ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ എന്റെ അഭിനയം കണ്ട് എനിക്ക് തന്നെ മടുപ്പ് തോന്നിയിട്ടുണ്ട്; സുധയാണ് തിരുത്തലുകള്‍ പറഞ്ഞ് എന്നിലെ അഭിനേതാവിനെ തിരിച്ച് കൊണ്ടുവന്നത്: സൂര്യ
Entertainment news
ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ എന്റെ അഭിനയം കണ്ട് എനിക്ക് തന്നെ മടുപ്പ് തോന്നിയിട്ടുണ്ട്; സുധയാണ് തിരുത്തലുകള്‍ പറഞ്ഞ് എന്നിലെ അഭിനേതാവിനെ തിരിച്ച് കൊണ്ടുവന്നത്: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd November 2021, 8:07 pm

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ജയ് ഭീം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഇപ്പോള്‍ തന്നിലെ അഭിനേതാവില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ ഈ സൂപ്പര്‍താരം.

ഫിലിം കംപാനിയന്‍ ചാനലിന് വേണ്ടി അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കൂടിയായ സൂര്യയും ജ്യോതികയും. ഇതിനിടെയായിരുന്നു സൂര്യ തന്റെ അഭിനയത്തെക്കുറിച്ച് സംസാരിച്ചത്.

”ലോക്ഡൗണിന്റെ തുടക്കസമയത്ത് ആക്ടിങ്ങില്‍ മെച്ചപ്പെടുന്നതിന് വേണ്ടി സൂര്യ ഓണ്‍ലൈനായി വീഡിയോകളും മാസ്റ്റര്‍ക്ലാസുകളും കണ്ടു എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. നിങ്ങള്‍ 90കളുടെ അവസാനം മുതലേ ഒരു നടനാണ്.

ഇപ്പോഴും നിങ്ങള്‍ അഭിമുഖങ്ങളില്‍ പറയുന്നത് നിങ്ങളുടെ ഭാര്യ ജ്യോതികയാണ് നിങ്ങളെക്കാള്‍ മികച്ച അഭിനേതാവാണെന്നാണ്. എങ്ങനെയാണ് അഭിനയം മെച്ചപ്പെടുത്താനുള്ള തീവ്രമായ ഈ ആഗ്രഹം നിലനിര്‍ത്തുന്നത്” എന്ന അനുപമയുടെ ചോദ്യത്തിനാണ് സൂര്യ മറുപടി നല്‍കിയത്.

”എനിക്കറിയില്ല. സത്യം പറഞ്ഞാല്‍ എന്റെ മുമ്പ് ചെയ്ത ചില സിനിമകള്‍ കണ്ട് എനിക്ക് വല്ലാത്ത പേടിയും നിരാശയും തോന്നിയിട്ടുണ്ട്.

മുമ്പ് ചെയ്ത നാലഞ്ചു സിനിമകള്‍ക്ക് ഡബ് ചെയ്യാന്‍ ഡബ്ബിങ് തിയേറ്ററിലേക്ക് കയറി, എഡിറ്റഡ് ഫുട്ടേജ് കാണുമ്പോള്‍ എന്റെ അഭിനയത്തില്‍ സന്തോഷമോ തൃപ്തിയോ തോന്നിയിരുന്നില്ല. ഡബ്ബിങ് ചെയ്യാനേ തോന്നിയിരുന്നില്ല.

ഞാന്‍ എന്താണ് ഈ ചെയ്യുന്നതെന്ന് സ്വയം ചോദിച്ച് തുടങ്ങി. എന്റെ
അഭിനയം പലപ്പോഴും ബോറിങ് ആയ് തോന്നി. ജ്യോതികയോടും അമ്മയോടുമൊക്കെ ഇതിനെക്കുറിച്ച് സംസാരിച്ച് അവരേയും ശല്യപ്പെടുത്തി.

ഒരു മാറ്റം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അഭിനയം പഠിക്കുന്നതിന് നിരവധി സ്‌കൂളുകളും മറ്റ് അവസരങ്ങളുമുണ്ട്. പക്ഷേ എനിക്ക് മൊത്തത്തിലുള്ള സിനിമാ അനുഭവം, അന്തരീക്ഷം തന്നെ മാറ്റണമായിരുന്നു.

അത് സംഭവിച്ചത് സുധയ്‌ക്കൊപ്പമാണ് (സുധ കൊങ്കര). അവര്‍ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എന്റെ സിനിമകളിലെ സീനുകള്‍ എടുത്ത് കാണിച്ച് എന്റെ പരിമിതികളും ചെയ്യേണ്ടാത്തതായ കാര്യങ്ങളും പറഞ്ഞു തന്നു.

അത് ശരിക്കും എന്നെ എക്‌സൈറ്റഡ് ആക്കി. പുതിയ അനുഭവമായിരുന്നു അത്. 24 വര്‍ഷത്തിന് ശേഷം ഒരു ഫ്രഷ് എയര്‍ ലഭിച്ച പോലെ തോന്നി. ഒരു അഭിനേതാവാകാന്‍ എനിക്ക് വീണ്ടും എക്‌സൈറ്റ്‌മെന്റ് തന്നത് ‘സൂററൈ പോട്രു’ ആണ്. ഓരോ ദിവസവും ആവേശത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ സഹായിച്ചത് ഈ സിനിമയാണ്. ജയ് ഭീമിലും ഈ ആവേശം തുടരുകയാണ്,” സൂര്യ പറഞ്ഞു.

നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലാണ് ജയ് ഭീം റിലീസ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം തയ്യാറാക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് കഥ.

സൂര്യയെക്കൂടാതെ പ്രകാശ് രാജ്, മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജി മോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: Actor Surya talks about his acting