ഞാന്‍ അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും, ചിലപ്പോള്‍ അങ്ങനെ അല്ല ഇങ്ങനെ എന്നൊക്കെ പറഞ്ഞ് ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച് മമ്മൂട്ടി
Movie Day
ഞാന്‍ അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും, ചിലപ്പോള്‍ അങ്ങനെ അല്ല ഇങ്ങനെ എന്നൊക്കെ പറഞ്ഞ് ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th March 2022, 11:39 am

പറവ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. അസിസ്റ്റന്റ് ഡയരക്ടറായി മലയാള സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ്. നടനായും സംവിധായകനായും കഴിവ് തെളിയിച്ച സൗബിന്‍ തന്റെ അടുത്ത സംവിധാനസംരംഭത്തിനുള്ള ഒരുക്കത്തിലാണ്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഓതിരം കടകം എന്ന ചിത്രമാണ് സൗബിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ളത്. അതിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രവും സൗബിന്‍ സംവിധാനം ചെയ്യും.

സൗബിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഭീഷ്മപര്‍വം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നത്.

മമ്മൂക്കയെ സംവിധാനം ചെയ്യുമ്പോള്‍ താങ്കള്‍ ഒരു കോ ആര്‍ടിസ്റ്റ് ആയിരിക്കില്ലല്ലോയെന്നും അതുകൊണ്ട് തന്നെ കൂടെ അഭിനയിക്കുന്ന വേവ് ആയിരിക്കില്ലല്ലോ സംവിധാനം ചെയ്യുമ്പോള്‍ എന്ന സൗബിനോടുള്ള ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘അവന്‍ എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരികയും ഇത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്നൊക്കെ പറയുകയും ചെയ്യും ഇല്ലേടാ, എന്നായിരുന്നു സൗബിനോടുള്ള മമ്മൂട്ടിയുടെ ചോദ്യം.

‘അങ്ങനെ അല്ല, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ ചൂടാവുമായിരിക്കും, പറയാനൊക്കൂല പിള്ളേരുടെ കാര്യമല്ലേ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇയാളെ ഒന്ന് ശരിയാക്കണം എന്ന് പറഞ്ഞ് തന്നെ ഡയരക്ട് ചെയ്യാന്‍ അവന്‍ വെയ്റ്റ് ചെയ്ത് ഇരിക്കുവാണെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയൊന്നും പറയാതെ ചിരിക്കുകയായിരുന്നു സൗബിന്‍.

തങ്ങള്‍ ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണെന്നും എല്ലാവരുമായി ഒന്ന് കൂളാവാന്‍ വേണ്ടിയാണ് ആ യാത്രയെന്നും സൗബിന്‍ പറഞ്ഞു. മമ്മൂക്ക നായകനാകുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പറവയ്ക്ക് മുന്‍പെഴുതിയതാണെന്നും സൗബിന്‍ പറഞ്ഞു.

ഇതോടെ അടുത്ത പടം ദുല്‍ഖറിനൊപ്പമല്ലേ അത് കഴിഞ്ഞിട്ടേ നമുക്ക് ചാന്‍സുള്ളൂ അല്ലേ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ കമന്റ്.

സി.ബി.ഐ അഞ്ചില്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുമ്പോഴുണ്ടായ ഒരു അനുഭവവും സൗബിന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. സി.ബി.ഐയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒരു ഡയലോഗ് പറയുമ്പോള്‍ മമ്മൂക്ക എന്റെ അടുത്ത് വന്ന് അതൊന്ന് സ്ലോയില്‍ പറയാന്‍ പറഞ്ഞു.
ഒന്ന് നീട്ടി പറയാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

സാധാരണ ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ ഒരു രീതി എന്നത് പെട്ടെന്ന് പറഞ്ഞുതീര്‍ക്കാമെന്നതാണ്. നമ്മുടെ പാര്‍ട്ട് അങ്ങ് കഴിഞ്ഞല്ലോ എന്ന ചിന്തയാണ്. എന്നാല്‍ കുറേ വ്യത്യാസങ്ങള്‍ മമ്മൂക്ക പറഞ്ഞു തന്നു. വലിയ കാര്യങ്ങളാണ് അതൊക്കെ. അതുവരെ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണെന്ന ബോധ്യത്തിലാണ് ഞാന്‍. എന്റെ ആ രീതി സ്ഥിരമായിപ്പോയേനെ. മമ്മൂക്ക അത് തിരുത്തി. പിന്നീട് ഞാന്‍ അത് ശ്രദ്ധിച്ചപ്പോഴാണ് ആ വ്യത്യാസം മനസിലായത്. അതുവരെ എനിക്കത് മനസിലായിരുന്നില്ല, സൗബിന്‍ പറഞ്ഞു.

Content Highlight: Actor Mammootty About Soubin Shahir