സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള തന്റെ അവസ്ഥയെ കുറിച്ച് പറയുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി താന്‍ കൊച്ചിയില്‍ പോയി താമസിച്ചിരുന്നു എന്നും നിരവധി ജോലികള്‍ ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് മുഹ്‌സിന്‍ പരാരി തന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കവെ ലുക്മാന്‍ പറഞ്ഞു.
‘കൊച്ചിയില്‍ മൂന്ന് നാല് സ്ഥലത്ത് തന്നെ ഞാന്‍ മാറി മാറി നിന്നിട്ടുണ്ടായിരുന്നു. ആദ്യം ഒരു സ്ഥലത്ത് നില്‍ക്കും പിന്നെ കുറച്ച് ദിവസം കഴിയുമ്പോള്‍ വേറെ എങ്ങോട്ടെങ്കിലും മാറും. അങ്ങനെ നില്‍ക്കുമ്പോള്‍ ഷെയറൊക്കെ കുറച്ച് മാത്രം കൊടുത്താല്‍ മതിയല്ലോ. അതിന്റെ ഇടക്ക് വേറെ കുറേ ജോലികളൊക്കെ ചെയ്തിട്ടുണ്ട്.
ബയോ ഗ്യാസ് ഫിറ്റ് ചെയ്യുന്ന ജോലിയുണ്ടായിരുന്നു. അവരുടെ കൂടെ ഞാനും പോകും. ഏതാണ്ട് 500 രൂപ കിട്ടും. അന്ന് 500 എന്ന് പറയുന്നത് തന്നെ വലിയ തുകയാണ്. ആ പൈസ കൊണ്ട് ഭക്ഷണം കഴിക്കാം കൂടെ റെന്റിന്റെ കാര്യവും നോക്കാമായിരുന്നു. ഡ്രൈവറായിട്ട് രണ്ട് വീട്ടില്‍ പോയിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പിലും ജോലി ചെയ്തിട്ടുണ്ട്.
ഒരു സമയം കഴിഞ്ഞപ്പോള്‍ സിനിമയുടെ പിറകെ നടക്കുന്ന പരിപാടി നിര്‍ത്താമെന്ന ചിന്തയിലേക്ക് വരെ ഞാന്‍ എത്തിയിരുന്നു. അങ്ങനെ ഞാന്‍ വീട്ടില്‍ വിളിച്ച് തിരിച്ച് വരുന്ന കാര്യം പറഞ്ഞു. ദുബായിലോ സൗദിയിലോ എവിടെ വേണമെങ്കിലും പോകാമെന്നാണ് അപ്പോള്‍ ചിന്തിച്ചത്. അങ്ങനെ വിസയൊക്കെ റെഡിയായി.
വിസ കിട്ടിയതിന്റെ പിറ്റേ ദിവസമാണ് മുഹ്‌സിന്‍ പരാരി എന്നെ വിളിക്കുന്നത്. കെ.എല്‍ 10 സിനിമയിലേക്കാണ് എന്നെ വിളിക്കുന്നത്. ലാല്‍ ജോസ് സാറാണ് സിനിമ നിര്‍മിക്കുന്നത്. എന്നെ അഭിനയിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഓക്കെ പറഞ്ഞുവെന്ന് പറഞ്ഞു. രണ്ട് മാസത്തെ പരിപാടിയുണ്ടെന്നും പറഞ്ഞു.
എന്ത് ചെയ്യണമെന്ന് പോലുമറിയാതെ എനിക്ക് സന്തോഷം തോന്നി. അങ്ങനെ ഞാന്‍ വിളിച്ച് വിസ കാന്‍സല്‍ ചെയ്തു. അന്ന് ഉമ്മ എന്റെയൊപ്പം കട്ടക്ക് നിന്നു,’ ലുക്മാന്‍ പറഞ്ഞു.
content highlight: actor lukman about his life before cinema