ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ ലെവ് പാള്‍ട്ടര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മെയ് 21ന് ലോസ് ആഞ്ചലസിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ മകള്‍ കാതറിന്‍ പാള്‍ട്ടറാണ് ഈ വിവരം തിങ്കളാഴ്ച മാധ്യമങ്ങളോട് പങ്കുവെച്ചത്. 94 വയസായിരുന്നു.
1967 മുതല്‍ പാള്‍ട്ടര്‍ അഭിനയ രംഗത്തുണ്ടായിരുന്നു. ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കിലെ ഇസിഡോര്‍ സ്‌ട്രോസ് എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാ ലോകത്ത് പാള്‍ട്ടര്‍ അറിയപ്പെടുന്നത്. യഥാര്‍ത്ഥ ടൈറ്റാനിക്കിലെ യാത്രികനായ ബിസിനസുകാരനായിരുന്നു സ്‌ട്രോസ്.
ടൈറ്റാനിക്കിലെ വേഷം കൂടാതെ നിരവധി ടി.വി. ഷോകളിലും സീരിയലുകളിലും പാള്‍ട്ടര്‍ അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ് മണ്ടേ ഇന്‍ ഒക്ടോബര്‍, ദി ഫ്‌ളൈയിങ് നണ്‍, എല്‍.എ. ലോ, ഹില്‍ സ്ട്രീറ്റ് ബ്ലൂസ് മുതലായവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.
ടൈറ്റാനിക്കിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടുനിന്ന പാള്‍ട്ടര്‍ കാള്‍ ആര്‍ട്‌സ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായിരുന്നു. അഭിനേതാക്കളായ സിസലി സ്‌ട്രോങ്, ഡോണ്‍ ചെഡില്‍, എഡ് ഹാരിസ് എന്നിവര്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്. പങ്കാളിയായ നാന്‍സി 2020ല്‍ 64ാം വയസില്‍ മരിച്ചിരുന്നു.