സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് നടന്‍ കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും.
താന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവാണ് ഗോവിന്ദന്‍ മാസ്റ്ററെന്നും തന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിതെന്നും സന്തോഷ് ടി. കുരുവിള ഫേസ്ബുക്കില്‍ കുറിച്ചു.
സന്തോഷ് ടി. കുരുവിള നിര്‍മാണ പങ്കാളിയായി കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ പോസ്റ്ററിലെ ക്യാപ്ഷന്‍ റിലീസ് ദിനത്തില്‍ തന്നെ വിവാദമായിരുന്നു. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എങ്കിലും വന്നേക്കണേ എന്നതായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.
തുടര്‍ന്ന് ക്യാപ്ഷനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വരികയും സിനിമയെ ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള ക്യാമ്പെയ്‌നും നടന്നിരുന്നു. ചിത്രം ഏതെങ്കിലും ഒരു പാര്‍ട്ടിയേയോ സര്‍ക്കാരിനേയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റിയുള്ളതാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ക്രിയാത്മകമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പരസ്യങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നുമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
സന്തോഷ് ടി. കുരുവിളയുടെ പോസ്റ്റ്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന്‍ മാഷിനും പത്‌നി ശ്രീമതി പി.കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം! ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം! എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിത്.
കലയും പ്രത്യയശാസ്ത്രവും പാരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു.
സ്‌നേഹാദരങ്ങളോടെ.
Content Highlight: Actor Kunchacko Boban and producer Santhosh T. visited Govindan Master