ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്തു കഴിഞ്ഞയുടനെ എല്ലാവരും കയ്യടിക്കുകയായിരുന്നു; ദൃശ്യത്തിലെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ദിനേഷ് പ്രഭാകര്‍
Malayalam Cinema
ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്തു കഴിഞ്ഞയുടനെ എല്ലാവരും കയ്യടിക്കുകയായിരുന്നു; ദൃശ്യത്തിലെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ദിനേഷ് പ്രഭാകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th March 2021, 1:30 pm

ദൃശ്യം 2 വിന് ലഭിച്ച ഗംഭീര വിജയത്തിന്റെ ആഹ്ലാദത്തിലാണ് ചിത്രത്തില്‍ രാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിനേഷ് പ്രഭാകര്‍. മോഹന്‍ലാലിനൊപ്പം സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.

ദൃശ്യം 2 ല്‍ മോഹന്‍ലാലുമൊത്തുള്ള ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിനേഷ്.

ലാലേട്ടനുമൊത്ത് കാറിലിരുന്ന് മദ്യപിക്കുന്ന ദീര്‍ഘമായ ഒരു സീന്‍ ഒറ്റ ടേക്കില്‍ തന്നെ എടുക്കാന്‍ സാധിച്ചെന്നും തന്നെ സംബന്ധിച്ച് അത് വലിയ സന്തോഷം തരുന്ന കാര്യമായിരുന്നെന്നും ദിനേഷ് പറയുന്നു.

‘ ചിത്രത്തില്‍ ഞാനും ലാലേട്ടനും പുറത്ത് കാറിലിരുന്ന് മദ്യപിക്കുന്ന ഒരു സീനുണ്ട്. ഏകദേശം മൂന്നര മിനുട്ടുള്ള സീനാണ്. ഉച്ച മുതല്‍ വൈകുന്നേരം വരെയുള്ള സമയത്താണ് ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വെച്ചിരുന്നത്. ജീത്തുച്ചേട്ടന്‍ വന്ന് എന്റെയടുത്ത് വന്ന് മുഴുവന്‍ ഡയലോഗും ഒറ്റ ടേക്കില്‍ പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു. ശ്രമിക്കാം എന്ന് ഞാന്‍ പറഞ്ഞു.

അത് ഒരു കോണ്‍വര്‍സേഷണല്‍ സീനാണ്. കുറച്ച് ആക്ടിവിറ്റീസൊക്കെ ഉള്ളത്. ചിലപ്പോള്‍ അതിനിടെ നമ്മള്‍ ആക്ടിവിറ്റി ചെയ്യുമ്പോള്‍ ഡയലോഗ് മറക്കും. എന്നാല്‍ മൂന്നരമിനുട്ടുള്ള ആ സീന്‍ ഒറ്റ ഫ്‌ളോയില്‍ ആദ്യ ടേക്കില്‍ തന്നെ ശരിയായി. സീന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും ക്ലാപ്പ് ചെയ്തു. വളരെ സന്തോഷം തോന്നി.

രണ്ട് ക്യാമറ ഉപയോഗിച്ച് ഒരു ടേക്കില്‍ വളരെ സ്വാഭാവികമായി പോയി എന്ന് ജീത്തു ഏട്ടന്‍ പറഞ്ഞു. അദ്ദേഹവും ഹാപ്പിയായി. ലാലേട്ടനും ഞാനും തമ്മിലുള്ള ഒരു സീന്‍ നമുക്ക് സിംഗിള്‍ ടേക്കില്‍ കിട്ടിയപ്പോള്‍ അത് എനിക്കും ഒരു ഹാപ്പി പ്രൗഡ് മൊമന്റ് ആയിരുന്നു’, ദിനേഷ് പ്രഭാകര്‍ പറഞ്ഞു.

ദൃശ്യം 2 വിന്റെ ഭാഗമാകുക എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷമെന്നും ജീത്തുച്ചേട്ടന്റെ മൈ ബോസിലും ഊഴത്തിലും എല്ലാം അഭിനയിച്ചിരുന്നെങ്കിലും യാദൃശ്ചികമായിട്ടാണ് ദൃശ്യം 2 വിലേക്ക് വിളി വന്നതെന്നും ദിനേഷ് പറയുന്നു.

ചെറിയൊരു കഥാപാത്രമാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ ദൃശ്യം 2 വിലേക്ക് വിളിക്കുക എന്ന് തന്നെ സന്തോഷമായിരുന്നു, പ്രത്യേകിച്ച് ലാലേട്ടനൊപ്പമായിരുന്നു. അത് അതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു.

ദൃശ്യം 2 ഇറങ്ങുന്നതുവരെ അതിന്റെ സസ്‌പെന്‍സ് പാര്‍ട്ടോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അറിയാനും ശ്രമിച്ചിരുന്നില്ല. ഞാന്‍ ഭയങ്കരമായിട്ട് സസ്‌പെന്‍സ് ത്രില്ലര്‍ മൂവികളെ ഫോളോ ചെയ്യുന്ന ആളാണ്, അപ്പോള്‍ അത് അറിഞ്ഞു കഴിഞ്ഞാല്‍ കാണുമ്പോഴുള്ള താത്പര്യം നമുക്ക് കുറയുമല്ലോ എന്നോര്‍ത്ത് ഞാനും സിനിമ റിലീസാകാന്‍ കാത്തിരിക്കുകയായിരുന്നു’, ദിനേഷ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dinesh Prabhakar Share Experience with Mohanlal Drishyam 2