പരാജയങ്ങളെ നേരിടാന്‍ പഠിച്ചത് ലാലേട്ടനില്‍ നിന്ന്; എല്ലാ സിനിമയും വിജയിക്കണമെന്ന് പറയുന്നത് ഉട്ടോപ്യയാണ്: ചന്തുനാഥ്
Entertainment news
പരാജയങ്ങളെ നേരിടാന്‍ പഠിച്ചത് ലാലേട്ടനില്‍ നിന്ന്; എല്ലാ സിനിമയും വിജയിക്കണമെന്ന് പറയുന്നത് ഉട്ടോപ്യയാണ്: ചന്തുനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th September 2022, 12:28 pm

പതിനെട്ടാം പടി, മാലിക്, 21 ഗ്രാംസ്, 12th മാന്‍, പാപ്പന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ചന്തുനാഥ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ചന്തുനാഥ് അഭിനയിച്ചിട്ടുണ്ട്.

സിനിമാ ഇന്‍ഡസ്ട്രിയിലെ പരാജയങ്ങളെ നേരിടാന്‍ താന്‍ പഠിച്ചത് മോഹന്‍ലാലില്‍ നിന്നാണെന്ന് പറയുകയാണിപ്പോള്‍ താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഇനി ഉത്തര’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തുനാഥ്.

സിനിമാ ഇന്‍ഡസ്ട്രിയിലെ പരാജയങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചന്തുനാഥ്.

”എത്രയോ നല്ല സിനിമകള്‍, ഹിറ്റാകേണ്ടിയിരുന്ന സിനിമകള്‍ സക്‌സസഫുളായിട്ടില്ല. അയ്യോ ഇത് അന്ന് സക്‌സസ്ഫുള്ളായില്ലേ എന്ന് നമ്മള്‍ ആലോചിക്കാറുണ്ട്.

ചിലത് വിധിയാണ്, ഓഡിയന്‍സിനെ തിയേറ്ററിലെത്തിക്കണം. ഇന്ന് നല്ല കോമ്പറ്റീഷന്റെ സമയമാണ്. ഓഡിയന്‍സിനെ തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ന്നാ താന്‍ കേസ് കൊട് ഈസ് എ ഗ്രേറ്റ് മൂവി. പക്ഷെ പ്രൊമോഷന് വേണ്ടിയിറക്കിയ ആ ഡാന്‍സ് സീക്വന്‍സാണ് ആളുകളെ തിയേറ്ററിലെത്തിച്ചത്. ആ തിയേറ്റര്‍ സ്‌പേസില്‍ ഓഡിയന്‍സിനെ എത്തിച്ചാല്‍ മാത്രമല്ലേ ഇതൊരു നല്ല മൂവിയാണെന്ന് അവര്‍ക്ക് മനസിലാകൂ. പക്ഷെ എത്തിക്കുക എന്നുള്ളത് ആ സിനിമയുടെ ടീമിന്റെ ഡ്യൂട്ടിയാണ്. അത് നമ്മള്‍ ചെയ്യണം.

പരാജയങ്ങളെ കൈകാര്യം ചെയ്യുന്നത് ഞാന്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ലാലേട്ടനില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള് പേഴ്‌സണലി സംസാരിച്ചിട്ടുണ്ട്.

അദ്ദേഹം പരാജയങ്ങളെ ബോദര്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രൊഡ്യൂസേഴ്‌സിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകും. പക്ഷെ അദ്ദേഹത്തെ അത് പേഴ്‌സണലി ബാധിക്കില്ല.

പരാജയങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്ന് അദ്ദേഹത്തിനറിയാം. എല്ലാ മൂവീസും ഹിറ്റാകുക എന്ന് പറയുന്നത് ഉട്ടോപ്യയാണ്, അത് നടക്കുന്ന കാര്യമല്ല,” ചന്തുനാഥ് പറഞ്ഞു.

Content Highlight: Actor Chandunath says he learned to handle failures in Malayalam cinema from Mohanlal