നായകന്മാര്‍ എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് പോകും, ഫൈറ്റേഴ്സ് വാരിയെല്ലും ഒടിഞ്ഞ് കിടക്കും: അനൂപ് മേനോന്‍
Movie Day
നായകന്മാര്‍ എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് പോകും, ഫൈറ്റേഴ്സ് വാരിയെല്ലും ഒടിഞ്ഞ് കിടക്കും: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th September 2023, 1:38 pm

താന്‍ ഒരു നോണ്‍ വയലന്റായിട്ടുള്ള ആളാണെന്നും തന്റെ സിനിമകളില്‍ നിന്നും ഫൈറ്റ് സീനുകള്‍ പരമാവധി ഒഴിവാക്കുന്നതിനെ പറ്റിയും സംസാരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്തായാലും ഫൈറ്റര്‍ക്ക് ഇടികൊള്ളുമെന്നും അത് കണ്ട് നില്‍ക്കാല്‍ തനിക്ക് പറ്റിലെന്നും നടന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡയക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമ താല്‍പര്യങ്ങളെക്കുറിച്ച് അനൂപ് മേനോന്‍ സംസാരിച്ചത്.

‘ഞാന്‍ ഒരു നോണ്‍ വയലന്റായിട്ടുള്ള ആളാണ്. എനിക്ക് ഒരാളെ ഉപദ്രവിക്കുന്നത് ഒന്നും അധികം കണ്ടു നില്‍ക്കാന്‍ പറ്റില്ല. ഫൈറ്റ് ഉള്ളതുകൊണ്ട് മാത്രം ഒരുപാട് സിനിമകളില്‍ നിന്ന് ഞാന്‍ ഒഴിവായിട്ടുണ്ട്. എന്തായാലും ഫൈറ്റര്‍ക്ക് ഇടികൊള്ളും അതില്‍ ഒരു സംശയവുമില്ല. ഇടികൊള്ളുന്നത് മാത്രമല്ല സ്റ്റെപ്പില്‍ നിന്ന് വീണ് മറിച്ചിട്ട് നടുവും പൊള്ളിഞ്ഞ് ഇരുന്ന് കരയുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. നായകന് ജയിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ ഈ ഇടി കൊള്ളുന്നത്.

ശരിയാണ്. അത് അവരുടെ ജോലിയാണ്. അവര്‍ക്ക് അതിന് കാശ് കിട്ടുന്നുണ്ട്. എന്നാലും എനിക്കത് കാണാന്‍ വലിയ പാടാണ്. അതുകൊണ്ട് എന്റെ സിനിമകളില്‍ ഒന്നും ഫൈറ്റ് ഉണ്ടാകാറില്ല. ഇപ്പോള്‍ തന്നെ വരാല്‍ എന്ന സിനിമയില്‍ വെറുതെ ഒരു ഫൈറ്റ് എടുത്തിട്ടുണ്ട്. അത് ശരിക്കും സിനിമയിലില്ല. അന്നും ഞാന്‍ ശശിയേട്ടന്റെ അടുത്ത് പറഞ്ഞത് കഴിവതും ഇവരെയൊക്കെ നല്ല ബെഡ്ഡിട്ട് ശരിയാക്കി ഫൈറ്റ് സീനെടുക്കണം എന്നാണ്. അല്ലാതെ എനിക്കത് കാണാന്‍ ഭയങ്കര പാടാണ്.

നായകന്മാര്‍ എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് പോകും. ഫൈറ്റേഴ്‌സ് വാരിയെല്ലും ഒടിഞ്ഞ് കിടക്കും. എല്ലാവരുടെയും ശരീരം കണ്ടാലറിയാം മുറിവും പൊള്ളലും പൊട്ടലുമൊക്കെയായി നിറയെ സ്റ്റിച്ചുകളായിരിക്കും.

അപ്പോള്‍ എനിക്ക് നോണ്‍ വയലന്റായിട്ട് ചെയ്യാന്‍ പറ്റിയ സിനിമകള്‍ പ്രണയകഥകളാണ്. പിന്നെ യൂണിവേഴ്‌സലായിട്ടുള്ളത് പ്രണയമാണല്ലോ. അല്ലാതെ നിത്യ ജീവിതത്തിലാരാണ് മുപ്പത് പേരെയൊക്കെ ഇടിച്ചിട്ടുള്ളത്. പക്ഷേ അത് കാണാനും ഇപ്പോള്‍ വലിയ പ്രേക്ഷകരുണ്ട്. സമീപകാല സിനിമകള്‍ നോക്കിയാല്‍ അടി പടങ്ങളാണ് കൂടുതലാളുകള്‍ കാണുന്നത്.

പിന്നെ ഫൈറ്റ് സിനിമകള്‍ ഒരു സമയത്ത് മാത്രം വരുന്നതാണ്. കുറേ ഫൈറ്റ് സിനിമകള്‍ വരും. ഒരു അഞ്ച് വര്‍ഷത്തേക്ക് പിന്നെ അത് ഉണ്ടാവില്ല .എന്നിട്ടത് വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരുതരം മാര്‍ഷ്യല്‍ ആര്‍ട്‌സ് ആയിട്ട് തിരിച്ചുവരും.

ബാബു ആന്റണി ചേട്ടന്റെ ഒരു സമയമുണ്ടായിരുന്നു ചന്ത, ഭരണകൂടം എന്നീ സിനിമയെല്ലാം മാര്‍ഷ്യല്‍ ആര്‍ട്‌സിന്റേതായിരുന്നു. പിന്നെ അത് കാണാതെയായി. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം വീണ്ടും വന്നു. എന്നിരുന്നാലും എപ്പോഴും നിലനില്‍ക്കുന്നത് പ്രണയവും ബന്ധങ്ങളുടെ കഥ പറയുന്ന സിനിമകളാണ്. മാത്രമല്ല അതാണ് ഒരു ദൈനംദിന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം. അത് എല്ലാ കാലത്തും നിലനില്‍ക്കും.

 

സൗണ്ട് ഓഫ് മ്യൂസിക്ക്, പ്രൈഡ് ആന്റ് പ്രജുഡൈസ്, തൂവാനതുമ്പികള്‍, നമുക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ പോലുള്ള സിനിമകള്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മള്‍ കാണും. അതുപോലെ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായ തമാശ സിനിമകള്‍. അതൊക്കെ ശരിക്കും ഒരു അത്ഭുതമാണ്. ആ സിനിമയൊക്കെ എല്ലാ കാലത്തേക്കുമുള്ളതാണ്,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Actor Anoop Menon about Action Movies