ന്യൂദല്‍ഹി: ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാന്‍ ആം ആദ്മി പാര്‍ട്ടി ഒരു സര്‍വേ നടത്തുമെന്ന് എ.എ.പി നേതാവ് അതിഷി. ബി.ജെ.പി വിദ്വേഷവും മതാന്ധതയും കലാപവും രാജ്യത്തുടനീളം പടര്‍ത്തുകയാണെന്ന് അംഗീകരിക്കുന്നുണ്ടോ എന്നത് ജനങ്ങളോട് ചോദിക്കുമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിയെക്കുറിച്ചും ആം ആദ്മിയെക്കുറിച്ചുമുള്ള അഭിപ്രായവും ജനങ്ങളോട് ചോദിക്കും.
”രാജ്യത്തിന് ഇന്ന് രണ്ട് വഴികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ” എന്നതിനാലാണ് സര്‍വേ നടത്തുന്നതെന്ന് അതിഷി പറഞ്ഞു.
മാര്‍ച്ചില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ബി.ജെ.വൈ.എം പ്രവര്‍ത്തകരെ ആദരിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള വാക്‌പോര് ശക്തിപ്പെട്ടിരിക്കുകയാണ്.
ഭാരതീയ ഗുണ്ടാപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അതിഷി പറഞ്ഞു.
ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐ.വി.ആര്‍.എസ്) കോളുകള്‍, മിസ്ഡ് കോളുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള ആളുകളുടെ അഭിപ്രായം ശേഖരിക്കുമെന്ന് അതിഷി പറഞ്ഞു.