ന്യൂദല്‍ഹി: ആം ആദ്മി നേതാവും ദല്‍ഹി മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ കുഴഞ്ഞുവീണു. ഇന്ന് രാവിലെയാണ് സംഭവം. ഇതേ തുടര്‍ന്ന് സത്യേന്ദര്‍ ജെയിനിനെ ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഓക്‌സിജന്‍ സഹായം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്യേന്ദ്ര ജെയ്‌നിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുകയാണെന്നും ഈ ദുഷ്‌ക്കരമായ ഘട്ടത്തോട് പൊരുതാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന് നല്‍കട്ടെയെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അദ്ദേഹം പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയും ചെയ്തു.
‘രാവും പകലുമെന്നില്ലാതെ ജനങ്ങളുടെ മികച്ച ആരോഗ്യത്തിനായി പ്രവര്‍ത്തിച്ചൊരാള്‍ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. ഒരു ഏകാധിപതി അദ്ദേഹത്തെ കൊല്ലാനാണ് ശ്രമിക്കുന്നത്. ഏകാധിപതിക്ക് സ്വന്തം കാര്യം മാത്രമേയുള്ളൂ. അതിനായി ആരെയും ഇല്ലാതാക്കും. ദൈവം ഇതെല്ലാം കാണുന്നുണ്ട്. അദ്ദേഹം നീതി ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു,’ കെജ്‌രിവാള്‍ പറഞ്ഞു
കഴിഞ്ഞ മേയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2015-16 കാലത്ത് സത്യേന്ദര്‍ ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദര്‍ ജെയ്നിനെ അന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സത്യേന്ദര്‍ ജെയിനിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും, ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറി. അവര്‍ ഈ തുക ഉപയോഗിച്ച് ഭൂമി വാങ്ങുകയും ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടക്കാനും വിനിയോഗിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നേരത്തെ ജെയ്നിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
content highlights: aap ex minister satyendar jain collapses in tihar jail hospitalized