മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നു നടക്കുന്ന മന്ത്രിസഭാ വിപുലീകരണം ആദിത്യ താക്കറെയുടെ രാഷ്ട്രീയ ഭാവി ഊട്ടിയുറപ്പിക്കുന്നതാകുമെന്നു സൂചന. ആദ്യമായി താക്കറെ കുടുംബത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിക്കുകയും അനായാസം വിജയിക്കുകയും ചെയ്ത യുവസേനാ നേതാവിനു മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കത്തിലാണ് അച്ഛനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നടത്തുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതിയോ ലഭിക്കുമെന്നാണു കരുതുന്നത്. 11 നേതാക്കളുടെ പേരാണ് ശിവസേനയില്‍ നിന്നായി ഉയര്‍ന്നു വരുന്നത്.
അനില്‍ പരബ്, ഉദയ് സാമന്ത്, ഗുലാബ് റാവു പാട്ടീല്‍, ശംഭുരാജ് ദേശായ്, ദാദാ ഭുസെ, സഞ്ജയ് റാത്തോഡ്, അബ്ദുള്‍ സത്താര്‍, രാജേന്ദ്ര പാട്ടീല്‍ യാദ്രവ്കര്‍, ശങ്കര്‍ റാവു ഗഡക്, ബച്ചു കഡു, സന്ദീപന്‍ ഭുമരെ എന്നിവരുടെ പേരുകള്‍ ഉയരുന്നതിനൊപ്പം തന്നെ അപ്രതീക്ഷിതമായാണ് ആദിത്യയുടെ പേരും കേള്‍ക്കുന്നത്.
അതിനിടെ ബി.ജെ.പി സഖ്യത്തില്‍ നിന്നു തിരിച്ചുവന്ന എന്‍.സി.പി നേതാവ് അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നു വ്യക്തമായി. ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.
വിധാന്‍ സഭയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ഞായറാഴ്ച മൂന്നു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്.
പേരുകള്‍ നിര്‍ദേശിക്കുന്നതിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി എം.എല്‍.എ മാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. മന്ത്രിമാരുടെ പേര് തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
36 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസില്‍ നിന്ന് പത്ത് മന്ത്രിമാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.