മലപ്പുറം: കേരളത്തിനെതിരായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് അക്കമിട്ട് മറുപടി പറഞ്ഞ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.
പശുവിന്റെ പേരില്‍ ദളിതരെ അക്രമിക്കുക, മുസ്‌ലിം ജനവിഭാഗങ്ങളെ തെരുവിലിട്ട് തല്ലിക്കൊല്ലുക അത്തരം സാഹചര്യങ്ങളാണ് യു.പിയിലുള്ളതെന്നും അതൊന്നും കേരളത്തില്‍ പറ്റില്ല എന്ന കാര്യം കേരളത്തിലെ ബി.ജെ.പി നേതാക്കന്മാര്‍ ഒഴിവുള്ളപ്പോള്‍ യോഗി ആദിത്യനാഥിന് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ് യോഗിയുടെ ഉത്തര്‍പ്രദേശെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.
പെട്രോള്‍ വില, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളേയും കുറിച്ച് പരാമര്‍ശിക്കാതെയാണ് ബി.ജെ.പി നേതാക്കള്‍ ലൗ ജിഹാദ് പോലത്തെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ചും മറ്റും പറയുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി എന്നാല്‍ ഫെഡറലിസത്തെ തകര്‍ക്കുന്ന ഒരു ഏര്‍പ്പാടാണ്. പെട്രോളിന് വില വര്‍ധിപ്പിച്ച് അതുംകൂടി പിടിച്ചെടുക്കാനാണ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം പറയുന്നത്. ആ തന്ത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് വീഴാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ളത് പ്രോ ബി.ജെ.പി കോണ്‍ഗ്രസാണ്. ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനത്തില്‍ വ്യത്യാസമുണ്ടാകും. സര്‍വേകള്‍ കണ്ട് കുഴിയില്‍ ചാടാന്‍ ഇടതുപക്ഷം തുനിയില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലെന്നായിരുന്നു കാസര്‍കോട്ട് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ് പറഞ്ഞത്.
2009-ല്‍ കേരളത്തിലെ നീതിപീഠം കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിര്‍മാണമോ നടത്തിയില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ നിയമം നടപ്പാക്കി.
ലൗജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്‌ലാമിക് സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല.
കേരളത്തിന്റെ ഉളളില്‍ ഇവിടുത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് കളിക്കുകയാണെന്നും ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ യുവാക്കള്‍ ജോലി കിട്ടാതെ ദുരിതം അനുഭവിക്കുകയാണെന്നും യു.പിയില്‍ 4 വര്‍ഷം കൊണ്ട് 4 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയതെന്നും ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക