Advertisement
football news
ചരിത്രത്തില്‍ ഇതാദ്യം; ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി ആതിഥേയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 29, 06:11 pm
Tuesday, 29th November 2022, 11:41 pm

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു പോയിന്റ് പോലും നേടാതെ പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യമായി ഖത്തര്‍. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ആശ്വാസ വിജയം തേടിയിറങ്ങിയ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നെതര്‍ലന്‍ഡ്സ് പരാജയപ്പെടുത്തി.

ഇതോടെ കളിക്കളത്തില്‍ അത്ര നല്ല ഓര്‍മകളില്ലാതെയാണ് ടീം ഖത്തര്‍ കളം വിടുന്നത്. നേരത്തെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലെ പരാജയത്തോടെതന്നെ 2022 ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ആതിഥേയരായ ഖത്തര്‍ മാറിയിരുന്നു.

92 വര്‍ഷത്തെ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയരാണ് ഖത്തര്‍. നേരത്തെ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്ന പ്രഥമ ആതിഥേയരെന്ന മോശം റെക്കോര്‍ഡും ഖത്തര്‍ തങ്ങളുടെ പേരിലാക്കിയിരുന്നു.

ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് 2-0നും രണ്ടാം മത്സരത്തില്‍ സെനഗലിനോട് 3-1നും ഖത്തര്‍ പരാജയപ്പെട്ടിരുന്നു. ആകെ മൂന്ന് മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ വഴങ്ങിയ ഖത്താറികള്‍ ഒരു ഗോള്‍ മാത്രമാണ് സ്വന്തം നാട്ടില്‍ തിരിച്ചടിച്ചത്.

അതേസമയം, ഖത്തറുമായുള്ള മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനായി കോഡി ഗാക്പോയും ഫ്രാങ്കി ഡിയോങ്ങുമാണ് വലകുലുക്കിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റോടെ നെതര്‍ലന്‍ഡ്സ് ഒന്നാം സ്ഥാനക്കാരായി.

വിജയം അനിവാര്യമായ മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് സെനഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് സെനഗലിനുള്ളത്.