ശ്രീലങ്കക്കെതിരെ ടി-20 ഏകദിന പരമ്പര വിജയങ്ങൾക്ക് ശേഷം ന്യൂസിലാൻഡ്സിനെതിരെയുള്ള പരമ്പരയിലാണ് ഇന്ത്യൻ ടീമിപ്പോൾ. കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും തൂത്ത് വാരാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.
എന്നാൽ ടി-20 പരമ്പരിയിലെ ആദ്യ മത്സരം കിവികൾക്ക് മുന്നിൽ അടിയറവ് വെച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ പൊരുതിയാണ് ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
ഞായറാഴ്ച നടന്ന രണ്ടാം ടി-20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 99 റൺസ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യൻ ടീം അനായാസമായി മത്സരം വിജയിക്കുമെന്ന തോന്നൽ ആരാധകർക്ക് ഉണ്ടായിരുന്നെങ്കിലും അവസാന ഓവറിലാണ് ടീം വിജയം സ്വന്തമാക്കിയത്.
എന്നാൽ ടി-20 മത്സരം ആയിരുന്നിട്ടും കളിയിൽ ഒരു സിക്സർ പോലും പിറന്നില്ലെന്ന അപൂർവ സംഭവം മത്സരത്തിലുണ്ടായി. ലോകത്തെ മികച്ച ബാറ്റർമാരുള്ള രണ്ട് ടീമിലെയും ഒരു താരത്തിന് പോലും കളിയിൽ ഒരു സിക്സർ നേടാനായി സാധിച്ചില്ല.
ബോളർമാർ നിറഞ്ഞാടിയ മത്സരത്തിൽ 19 റൺസെടുത്ത മിച്ചൽ സാൻറ്റ്നറാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറർ.
ഇന്ത്യൻ നിരയിൽ 26 റൺസെടുത്ത സൂര്യ കുമാർ യാദവാണ് ടോപ്പ് സ്കോറർ.
സിക്സറുകൾ പിറക്കാൻ മടി കാണിച്ചത് പോലെ മത്സരത്തിൽ ബൗണ്ടറിയും കുറച്ച് മാത്രമേ പിറന്നുള്ളൂ.ന്യൂസിലാൻഡ്സ് ബാറ്റർമാർ മൊത്തം ആറ് ബൗണ്ടറികൾ നേടിയപ്പോൾ എട്ട് ബൗണ്ടറികൾ ഇന്ത്യൻ നിരയിൽ നിന്നും പിറന്നു.