Advertisement
Entertainment
ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ ആ ഒരു ചോദ്യം ചോദിച്ചാല്‍ എനിക്ക് ദേഷ്യം വരും: എ.ആര്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 05:06 pm
Saturday, 19th April 2025, 10:36 pm

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറിയ റഹ്‌മാന്‍ 32 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടാത്ത നേട്ടങ്ങളില്ല. തന്റെ മാസ്മരികസംഗീതത്തിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മദ്രാസിന്റെ മൊസാര്‍ട്ട് ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്ന ഗാനങ്ങള്‍ ഒരുക്കുന്നതില്‍ പിന്നോട്ട് പോയിട്ടില്ല.

അഭിമുഖങ്ങളില്‍ തന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍ റഹ്‌മാന്‍. തനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതെന്ന് ചോദിച്ചാല്‍ തനിക്ക് ദേഷ്യം വരുമെന്ന് എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു. പല ഇന്റര്‍വ്യൂകളിലും ഈ ചോദ്യം കേട്ട് മടുത്തെന്നും അങ്ങനെ എടുത്തുപറയാന്‍ ഒരു പാട്ട് തനിക്കില്ലെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മൊമന്റ് ഒരു പാട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എ.ആര്‍. റഹ്‌മാന്‍ പറയുന്നു. ‘കുന്‍ ഫയാ കുന്‍’ എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് രണ്‍ബീര്‍ കപൂര്‍ വരികള്‍ മറന്ന് മുകളിലേക്ക് നോക്കി നിന്നെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്ന ഏറ്റവും മികച്ച സിനിമാറ്റിക് മൊമന്റാണ് അതെന്നും എ.ആര്‍ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് ട്രാന്‍സ് സ്‌റ്റേറ്റില്‍ എത്തിയ അനുഭവം തനിക്കുണ്ടായെന്നും റഹ്‌മാന്‍ പറഞ്ഞു. ആ പാട്ടിന് മാത്രമല്ല, വേറെയും പാട്ടുകളുടെ റെക്കോഡിങ്ങില്‍ അങ്ങനെയുണ്ടായിട്ടുണ്ടെന്നും ഒരു സംഗീതഞ്ജനെ സംബന്ധിച്ച് അത്തരം മൊമന്റുകള്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെന്നും എ.ആര്‍ റഹ്‌മാന്‍ പറയുന്നു. മാഷബിള്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു എ.ആര്‍. റഹ്‌മാന്‍.

‘ഇന്റര്‍വ്യൂകളില്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. ‘ഇഷ്ടമുള്ള പാട്ട് ഏതാണ്’ എന്ന് ചോദിച്ചാല്‍ എനിക്ക് ശരിക്കും ചോദ്യം വരും. പല അഭിമുഖങ്ങളിലും ഈ ചോദ്യം കേട്ടിട്ടുണ്ട്. ഈ ഇന്റര്‍വ്യൂവില്‍ ആ ചോദ്യമില്ലെന്ന് പ്രതീക്ഷിക്കുന്നു. സത്യം പറഞ്ഞാല്‍ ആ ചോദ്യം കേട്ട് ഞാന്‍ മടുത്തു. അങ്ങനെ എടുത്തുപറയാന്‍ ഒരു പാട്ടില്ല എന്നതാണ് സത്യം.

എന്നാല്‍ മറക്കാനാകാത്ത ഒരു മൊമന്റുണ്ട്. ‘കുന്‍ ഫയാ കുന്‍’ എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് രണ്‍ബീര്‍ കപൂര്‍ വരികള്‍ മറന്ന് മുകളിലേക്ക് നോക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്ന ഏറ്റവും മികച്ച സിനിമാറ്റിക് മൊമന്റാണത്. ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് ഞാന്‍ ട്രാന്‍സ് സ്‌റ്റേറ്റിലെത്തിയിട്ടുണ്ട്. ആ പാട്ടിന് മാത്രമല്ല, വേറെയും ചില പാട്ടുകള്‍ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. അത്തരം മൊമന്റുകള്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

Content Highlight: A R Rahman about the particular question he didn’t like in interviews