ജെറുസലേം: ഖാന്‍ യൂനിസില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ ഫുട്ബോള്‍ താരം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണം ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ ദേശീയ ടീമിനെയും അഹ്ലി ഗസ ഫുട്ബോള്‍ ക്ലബ്ബിനെയും പ്രതിനിധീകരിച്ചിരുന്ന മുഹമ്മദ് ബറകത്ത് എന്ന താരമാണ് ഇസ്രഈലിന്റെ ആക്രമണത്തിന് ഇരയായത്.
വീടിന് നേരെ അധിനിവേശ സൈന്യം നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നാണ് താരം കൊല്ലപ്പെട്ടത്.
മുഹമ്മദ് ബറകത്ത് ‘ഖാന്‍ യൂനിസിന്റെ ഇതിഹാസം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ദീഘകാലത്തോളം ഖാന്‍ യൂനിസ് യൂത്ത് ക്ലബിന്റെ ക്യാപ്റ്റന്‍ ആയി താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 39കാരനായ മുഹമ്മദ് ബറകത്ത് ടീമിനായി 114 ഗോളുകള്‍ നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജോര്‍ദാനിയന്‍ ക്ലബായ അല്‍ വെഹ്ദത്തിനും സൗദി അറേബ്യന്‍ ക്ലബായ അല്‍ ഷോലയ്ക്കും വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ബറക്കത്തിന്റെ മരണത്തെ ‘ഫലസ്തീന്‍ ഫുട്‌ബോളിന് വലിയ നഷ്ടം’ എന്നാണ് പ്രാദേശിക ക്ലബ് ഫുട്‌ബോള്‍ കളിക്കാരനായ ഖാലിദ് അബു ഹാബല്‍ വിശേപ്പിച്ചത്.