തൃശൂർ: തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവസമുദായത്തിൽപ്പെട്ട പുതിയ കഴകക്കാരനനെ നിയമിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടര്‍ന്ന് രാജി വെച്ച ബി.എ ബാലുവിന്റെ സ്ഥാനത്തേക്കാണ് പുതിയ കഴകക്കാരനെ നിയമിച്ചിരിക്കുന്നത്.
ആലപ്പുഴ ചേർത്തല സ്വദേശി കെ.എസ് അനുരാഗിനെയാണ് നിയമിച്ചിരിക്കുന്നത്. അനുരാഗിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമോ നൽകി.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. കൊച്ചിൻ ദേവസ്വം കമീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
അതേസമയം ജാതിയുടെ പേരിൽ വ്യക്തികളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൂടൽമാണിക്യം ദേവസ്വം കെ.ഡി.ആർ.ബി നിയമിക്കുന്ന ഏതൊരു വ്യക്തിയെയും ആ പോസ്റ്റിലേക്ക് നിയമിക്കുമെന്നും നിയമം ആരുടെ കൂടെയാണോ അതിനൊപ്പം തങ്ങൾ നിൽക്കുമെന്നും ദേവസ്വം ചെയർമാൻ സി.കെ ഗോപി പറഞ്ഞിരുന്നു. തന്ത്രിമാർക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഒന്നുകിൽ കോടതിയെ സമീപിച്ച് അതിന് പരിഹാരമുണ്ടാക്കണമെന്നും അല്ലെങ്കിൽ സർക്കാരുമായി തീരുമാനിച്ച് പരിഹാരമുണ്ടാക്കണം. തന്ത്രിമാരുടെ ആവശ്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സർക്കാരിന്റെ ഉത്തരവ് നടപ്പാക്കാനാണ് തങ്ങൾക്ക് അധികാരമുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ജാതി അധിക്ഷേപം നേരിട്ട ജോലിസ്ഥലത്ത് നിന്നും ബാലു രാജി വെക്കുകയായിരുന്നു.
Content Highlight: A new Ezhava priest has been appointed at the Koodalamanikyam temple, where the priest resigned due to caste discrimination