ആലപ്പുഴ: പാര്‍ലമെന്റില്‍ ആലപ്പുഴയുടെയും കേരളത്തിന്റെയും ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ടെന്ന് ആലപ്പുഴ എം.പി. എ.എം. ആരിഫ്. ലോക്‌സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എ.എം. ആരിഫിന്റെ പ്രതികരണം.
സഭയില്‍ കൃത്യമായി ഹാജരായി ഡിബേറ്റുകളില്‍ പങ്കെടുക്കുവാനും ചോദ്യങ്ങള്‍ ഉയര്‍ത്തി എന്നെ തെരഞ്ഞെടുത്തവരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയും മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ആരിഫ് പറഞ്ഞു.
പുതിയ അംഗം എന്ന നിലയിലും ഹിന്ദിയും പ്രാദേശിക ഭാഷകളും മാത്രം വശമുള്ള അംഗങ്ങളാണ് ഏറെയും സഭയിലുള്ളത് എന്നതുകൊണ്ടും കുറച്ചുബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് മറികടക്കാനും എല്ലാവരുമായി ഊഷ്മളമായ ബന്ധം ഉണ്ടാക്കാനും കഴിഞ്ഞു. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമല്ല കേരളത്തില്‍ എമ്പാടുനിന്നും, കൂടാതെ ഇന്ത്യയുടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പല വിഷയങ്ങളും ശ്രദ്ധയില്‍പ്പെടുത്താന്‍ ഒട്ടേറെപേര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ എല്ലാം തന്നെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ തന്നെക്കൊണ്ട് കഴിയുന്ന കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് ആരിഫ് പറഞ്ഞു.