ദുബായുടെ മാനത്ത് ഗര്‍ജിച്ച് കടുവ; ലിസ്റ്റിനെ... എന്തര് അടിപൊളി പേരെന്ന് പൃഥ്വിരാജ്; വീഡിയോ
Film News
ദുബായുടെ മാനത്ത് ഗര്‍ജിച്ച് കടുവ; ലിസ്റ്റിനെ... എന്തര് അടിപൊളി പേരെന്ന് പൃഥ്വിരാജ്; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th June 2022, 11:32 pm

പൃഥ്വിരാജ്, വിവേക് ഒബ്‌റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ റിലീസിനൊരുങ്ങുകയാണ്. ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ് ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കടുവ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരങ്ങളെല്ലാം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രമോഷന്റെ ഭാഗമായി ഹൈദരബാദിലും ചെന്നൈയിലുമായിരുന്നു പൃഥ്വിരാജുള്‍പ്പെടെയുള്ള ചിത്രത്തിലെ താരങ്ങള്‍.

കടുവയുടെ ദുബായിലെ പ്രമോഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയാണ് ദുബായുടെ ആകാശത്ത് ഒരുങ്ങിയത്. ലൈറ്റ് കൊണ്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കടുവ എന്നിങ്ങനെയാണ് എഴുതിയത്. പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രവും ആകാശത്ത് തെളിഞ്ഞിരുന്നു.

പൃഥ്വിരാജ്, വിവേക് ഒബ്‌റോയി, ലിസ്റ്റിന്‍ സ്റ്റീഫന്‍, സംയുക്ത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈറ്റ് ഷോയ്‌ക്കെത്തിയിരുന്നു. ലൈറ്റ് ഷോയ്ക്കിടക്കും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും പരസ്പരം തഗ്ഗടിക്കുന്നുണ്ടായിരുന്നു. മാജിക് ഫ്രെയിംസിന്റെ പേര് ആകാശത്ത് തെളിഞ്ഞപ്പോള്‍ ലിസ്റ്റിനെ എന്തര് അടിപൊളി പേരാടാ എന്ന് പൃഥ്വിരാജ് പറയുന്നത് കേട്ട് പൊട്ടിച്ചിരി ഉയര്‍ന്നു. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയുടെ വീഡിയോ പൃഥ്വരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക.

 

 

ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: A light show using drones has been set up in the skies of Dubai as the promotion of kaduva movie