Interview | ഹിമാലയത്തിലെ വെള്ളം വറ്റിച്ച, ജോഷിമഠിനെ തകര്‍ത്ത, തുരങ്കങ്ങള്‍ | സി.പി. രാജേന്ദ്രന്‍
DISCOURSE
Interview | ഹിമാലയത്തിലെ വെള്ളം വറ്റിച്ച, ജോഷിമഠിനെ തകര്‍ത്ത, തുരങ്കങ്ങള്‍ | സി.പി. രാജേന്ദ്രന്‍
രഷ്‌മെ സെഹ്ഗാല്‍
Sunday, 22nd January 2023, 6:12 pm
'പീപ്പിള്‍സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ' ന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് : ' അവരുടെ പ്രകൃതിദത്തമായ ജലസ്രോതസ്സുകളും , 'gharat' എന്നറിയപ്പെടുന്ന വെള്ളമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ലോര്‍ മില്ലുകളും ജലസേചനത്തിനുപയോഗിക്കുന്ന കനാലുകളുമെല്ലാം വറ്റിവരണ്ടു. എത്രത്തോളമെന്നാല്‍ ഗ്രാമത്തില്‍ ചിതാഭസ്മമൊഴുക്കാന്‍ പോലും വേണ്ടത്ര വെള്ളമില്ലാത്ത അവസ്ഥയാണ്. അവരുടെ ദുരിതത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇപ്പോള്‍ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുമരുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു ....

ജോഷിമഠിലെ വിള്ളലുകള്‍ വീണ് തകരാന്‍ തുടങ്ങിയ തന്‍റെ വീടിനെ നോക്കുന്ന സ്ത്രീ

ജോഷിമഠ് നല്‍കുന്നത് ഗൗരവമേറിയ ഒരു മുന്നറിയിപ്പാണ്. പേരുകേട്ട ഒരു ഭൂകമ്പ ശാസ്ത്ര വിദഗ്ധനായ സി.പി. രാജേന്ദ്രന്‍ പറയുന്നത് ഒരു യഥാര്‍ത്ഥ വികസനതന്ത്രം എല്ലായ്‌പ്പോഴും അടിസ്ഥാന സൗകര്യ വികസനം (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ്), നേരിടാനാകുന്ന അപകട സാധ്യത, ഭൂപ്രദേശത്തിന് താങ്ങാവുന്നതിന്റെ പരിധി എന്നീ ഘടകങ്ങള്‍ പരിഗണിച്ചു കൊണ്ടായിരിക്കണം എന്നാണ്.

സീസ്മോ ടെക്റ്റോണിക്സ് (ഭൂകമ്പത്തെ പറ്റി പഠിക്കുന്ന ശാസ്ത്രം), ഭൂകമ്പങ്ങള്‍, സുനാമി, ജിയോളജി (ഭൗമശാസ്ത്രം) എന്നിവയില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന വിദഗ്ധരിലൊരാളാണ് ഡോക്ടര്‍ സി.പി. രാജേന്ദ്രന്‍. ഉത്തരാഖണ്ഡ് എന്ന മലയോര സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന മാതൃകയുടെ ഒരു കടുത്ത വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം.

ആ പ്രദേശങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഉണ്ടായ വര്‍ധനവിനൊപ്പം തന്നെ അവ അവിടുത്തെ ദുര്‍ബലമായ ആവാസവ്യവസ്ഥക്ക് ഏല്‍പിക്കുന്ന ആഘാതങ്ങളുടെ തീവ്രതയും വര്‍ദ്ധിച്ചു വരികയാണ്. അവയിലേറ്റവും പുതിയവയാണ് ജോഷിമഠില്‍ കാണപ്പെട്ട ഭൗമോപരിതലത്തിലെ വിള്ളലുകളും മണ്ണിടിച്ചിലും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഡ്ജന്‍ക്റ്റ് പ്രൊഫസര്‍ കൂടിയായ രാജേന്ദ്രന്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നു. ഞങ്ങളുമായുള്ള സംസാരത്തില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവിടെ നിര്‍മ്മിക്കാന്‍ പോകുന്ന 66 തുരങ്കങ്ങളെക്കുറിച്ചും, പ്രത്യേകിച്ച്, ചെറിയ കുന്നിന് കുറുകെ പണിയുന്ന അണക്കെട്ടുകളെക്കുറിച്ചും, അദ്ദേഹം സധൈര്യം വാചാലനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രഷ്‌മെ സെഹ്ഗാലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ തെരഞ്ഞെടുത്ത ചില ഭാഗങ്ങളാണ് ചുവടെ:

സി.പി. രാജേന്ദ്രന്‍

രഷ്‌മെ സെഹ്ഗാല്‍: താങ്കള്‍ നിശിതമായി വിമര്‍ശിച്ച സര്‍ക്കാരിന്റെ ചാര്‍ ധാം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡില്‍ നിലവിലുള്ള 18 തുരങ്കങ്ങള്‍ക്ക് പുറമെ, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 66 തുരങ്കങ്ങള്‍ കൂടി നിര്‍മ്മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ പദ്ധതികളുടെ പ്രശ്‌നം എന്താണ്?

സി.പി. രാജേന്ദ്രന്‍: ചാര്‍ ധാം റോഡ് പദ്ധതി ദുരന്തത്തിലേക്ക് വഴി തുറക്കും എന്ന് തന്നെയായിരുന്നു എന്റെ നിഗമനം. ഭയപ്പെട്ടതുപോലെ തന്നെ പര്‍വ്വത പരിസ്ഥിതിക്ക് അതിദാരുണമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ റോഡ് നിര്‍മ്മാണ പദ്ധതിയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ഹിമാലയത്തില്‍ അതിബൃഹത്തായ ഒരു എഞ്ചിനീയറിംഗ് പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പരിസ്ഥിതിയുടെ മുന്നറിയിപ്പുകളെ നമ്മള്‍ മാനിക്കേണ്ടതുണ്ട്. കൂടുതല്‍ ‘സുഗമമായ’, ‘ വേഗതയുള്ള ‘, ‘ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ ‘ ഗതാഗത സൗകര്യം മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരായ വിനോദസഞ്ചാരികള്‍ക്കും സായുധ സേനക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അധികാരികളുടെ പദ്ധതികള്‍.

ഇത് പര്‍വ്വതങ്ങളുടെ ഭൂപ്രകൃതിയേയോ ആവാസവ്യവസ്ഥയേയോ പരിഗണിക്കാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. പ്രത്യാഘാതങ്ങളെ പരമാവധി കുറക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വെക്കുന്ന ഏറ്റവും മികച്ച മാനദണ്ഡങ്ങളെ അവഗണിച്ചു കൊണ്ടാണ് അത്യാവേശപൂര്‍വ്വം പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഇത്തരം എഞ്ചിനീയറിങ് ഇടപെടലുകള്‍ നടത്തപ്പെടുന്നത് പ്രാദേശികമായ ഭൂമിശാസ്ത്രത്തെയും പരിസ്ഥിതിയെയും വേണ്ടത്ര പരിഗണിക്കാതെയാണ്.
ഹൈവേകള്‍ റെയില്‍വെ ട്രാക്കുകള്‍ എന്നിവയുടെ നിര്‍മ്മാണവും ഇപ്പോള്‍ മണ്ണിടിച്ചിലിന്റെ പ്രധാന കാരണമായി മാറിയിരിക്കുന്നു. ഈയടുത്ത വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങളുടെ തോത് ഇരട്ടിയോളമായി വര്‍ദ്ധിച്ചിട്ടുമുണ്ട്.

രഷ്‌മെ സെഹ്ഗാല്‍: ഹിമാലയത്തിനു കുറുകെയുള്ള റെയില്‍ പാത പദ്ധതിയുടെ ഭാഗമായി ഒരുപാട് തുരങ്കങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. റിഷികേശ് – കാണ്‍പ്രയാഗ് റെയില്‍ പദ്ധതിയുടെ പകുതിയോളവും പണി പൂര്‍ത്തിയായി കഴിഞ്ഞു. ഈ പദ്ധതിയുടെ 70% ത്തോളവും തുരങ്കങ്ങളാണ്. ഏത് തരത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് ?

സി.പി. രാജേന്ദ്രന്‍: മൊത്തം 125 കിലോമീറ്റര്‍ ദൂരം വരുന്ന ട്രാക്കില്‍ തീവണ്ടി 105 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കുന്നത് തുരങ്കങ്ങളിലൂടെയാണ്. ഇതില്‍ ഏറ്റവും നീളം കൂടിയ തുരങ്കത്തിന് 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അത് ദേവ്പ്രയാഗ് മുതല്‍ ജാനസു വരെയാണ്. ലോകത്തിലെ മറ്റു പര്‍വ്വതനിരകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പ്രായം കുറഞ്ഞവയും ടെക്‌റ്റോനിക്കലി സജീവമായവയുമാണ് ഹിമാലയന്‍ പര്‍വത നിരകള്‍. പാരിസ്ഥിതിക ആഘാതങ്ങള്‍ കുറഞ്ഞവയാണ് തുരങ്കങ്ങള്‍ എന്ന ഒരു വിശ്വാസം നിലവിലുണ്ട്. വാസ്തവത്തില്‍ ഈ ഭൂഗര്‍ഭ നിര്‍മ്മിതികള്‍ പരിസ്ഥിതിയുടെ നാശത്തിന് കാരണമായി മാറുന്നു. അതായത് സൂര്യപ്രകാശമില്ലാത്ത, വ്യാപനത്തിന് പരിമിതികളുള്ള ദീര്‍ഘദൂര തുരങ്കങ്ങളിലെ സൂക്ഷ്മ പരിസ്ഥിതിയില്‍ വാഹനങ്ങളില്‍ നിന്നും പുറംതള്ളുന്ന മലിനവായുവിനെക്കൂടി ഉള്‍ക്കൊള്ളേണ്ടി വരുന്നതാണ് ഇതിനു കാരണം.

റിഷികേശ് – കാണ്‍പ്രയാഗ് റെയില്‍ പദ്ധതിയുടെ പണികള്‍ പുരോഗമിക്കുന്നു

റെയില്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ ഇലക്ട്രിക് മാര്‍ഗ്ഗങ്ങളെ ആശ്രയിച്ചാല്‍ പോലും സ്ഥിരമായി ട്രെയിന്‍ കടന്ന് പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ തുരങ്കങ്ങളെ സംബന്ധിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഇത് മലഞ്ചെരിവുകളെ എന്നെന്നേക്കുമായി അനിശ്ചിതത്വത്തിലാക്കുകയും ഒരു നിസ്സാര പ്രകമ്പനം പോലും മണ്ണിടിച്ചിലിന് കാരണമാകുന്നവിധത്തില്‍ അതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. കൂടാതെ ഈ തുരങ്കങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ടി നടത്തുന്ന ചെറു സ്‌ഫോടനങ്ങള്‍ പലപ്പോഴും പാറകളുടെ രൂപീകരണത്തെ ദുര്‍ബല പ്പെടുത്തുകയും അത് പിന്നീട് മണ്ണിടിച്ചിലിന് വഴിവെക്കുകയും ചെയ്യുന്നു. അതിനു പുറമെ ഭീമമായ അളവിലുള്ള പൊട്ടിച്ചെടുത്ത പാഴ് പാറക്കഷ്ണ മാലിന്യങ്ങള്‍ മറ്റൊരു തലവേദനയാണ്. തുരങ്ക നിര്‍മ്മാണ മേഖലകളില്‍ ഭൂഗര്‍ഭജല നിരപ്പ് താഴുന്നതുള്‍പ്പെടെ തിരികെ കൊണ്ടുവരാനാവാത്ത വിധമുള്ള പ്രത്ര്യാഘാതങ്ങള്‍ വേറെയും കാണപ്പെടുന്നുണ്ട്.

രഷ്‌മെ സെഹ്ഗാല്‍: ഇത്തരം വന്‍കിട തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ മണ്ണിടിച്ചില്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും നീളംകൂടിയ 30 കിലോമീറ്റര്‍ തുരങ്ക റോഡ് ഡെറാഡൂണിനും തെഹ്രിക്കും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുകയാണ്.

സി.പി. രാജേന്ദ്രന്‍: മണ്ണിടിച്ചില്‍ ഒരിക്കലും ഒറ്റപ്പെട്ടു സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. ഇത് പാറകളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ അവയുടെ കാര്യക്ഷമത, നമ്മള്‍ പ്രയോഗിക്കുന്ന സ്ഫോടന രീതികള്‍, റോഡുകള്‍ ഡാമുകള്‍ എന്നിവയുടെ നിര്‍മ്മാണം എന്നിവയെല്ലാം പ്രേരക ഘടകങ്ങളായി വര്‍ത്തിക്കുന്നു. പാറക്കെട്ടുകളുടെ ഭൂപ്രകൃതി, അവയുടെ ദുര്‍ബലമായ പ്രതലങ്ങളിലൂടെ പിളരാനുള്ള പ്രവണത എന്നിവയെല്ലാം തന്നെ പ്രത്യേക പരിഗണന നല്‍കേണ്ട വിഷയങ്ങളാണ്.  പലപ്പോഴും ഇത്തരം പിളര്‍പ്പുകളോടൊപ്പമാണ് മണ്ണിടിച്ചില്‍ സംഭവിക്കുന്നത്.

ഡെറാഡൂണ്‍-തെഹ്രി തുരങ്കപാതയുടെ സാങ്കല്‍പിക ചിത്രം

റോഡ് നിര്‍മ്മാണം പോലെയുള്ള വര്‍ദ്ധിച്ചു വരുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ കുന്നിന്‍ ചെരിവുകളെ അങ്ങേയറ്റം അസ്ഥിരതയുളളതാക്കുന്നു. അതുകൊണ്ട് തന്നെയാണ് ഹിമാലയ സാനുക്കളില്‍ മണ്ണിടിച്ചിലിന്റെ ആവൃത്തി വര്‍ദ്ധിച്ചു വരുന്നത്. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന മേഘവിസ്‌ഫോടനവും കനത്ത മഴയും ( അതിതീവ്ര മഴ) മണ്ണിടിച്ചിലിന് ആക്കം കൂട്ടുന്നു. തുരങ്കത്തിന്റെ നിര്‍മ്മാണം സമ്മര്‍ദ്ദ വ്യത്യാസത്തിന് കാരണമാവുകയും പാറകളുടെ രൂപീകരണത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ഇതും മണ്ണിടിച്ചില്‍ സാദ്ധ്യതയെ പരി പോഷിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

രഷ്‌മെ സെഹ്ഗാല്‍: തുരങ്ക നിര്‍മ്മാണത്തിനായി കുന്നുകള്‍ ഇടിച്ചു നിരത്തുകയും വന്‍ തോതില്‍ ഘനന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത പ്രദേശങ്ങള്‍ക്കടുത്ത ഗ്രാമങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണതായി കാണുന്നു. പരാതിപ്പെടുന്ന ആളുകളുടെ എണ്ണം അധികരിച്ച് വരികയാണ്. എന്താണ് ഇത് നല്‍കുന്ന സൂചന?

സി.പി. രാജേന്ദ്രന്‍: വീടുകളില്‍ വിള്ളല്‍ വീഴുന്നതിനെക്കുറിച്ചും ജല സ്രോതസുകള്‍ വറ്റി വരളുന്നതിനെക്കുറിച്ചും പ്രദേശവാസികള്‍ സ്ഥിരമായി പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതു പോലുള്ള വമ്പിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമവാസികളെയും അവരുടെ ജീവിതോപാധികളെയും പ്രതികൂലമായി ബാധിക്കുന്നു. തുരങ്ക നിര്‍മ്മാണത്തിനു വേണ്ടി നടത്തുന്ന സ്ഫോടനങ്ങള്‍ അവിടുത്തെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും വിള്ളല്‍ വീഴ്ത്തി . അതുപോലെതന്നെ അപ്രത്യക്ഷമാകുന്ന അരുവികളും മറ്റു ജല സ്രോതസ്സുകളും നമ്മില്‍ ഭയമുണ്ടാക്കുന്നു.

ഉദാഹരണത്തിന് ‘പീപ്പിള്‍സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ‘ ന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ അവരുടെ പ്രകൃതിദത്തമായ ജലസ്രോതസ്സുകളും , ‘gharat’ എന്നറിയപ്പെടുന്ന വെള്ളമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ലോര്‍ മില്ലുകളും ജലസേചനത്തിനുപയോഗിക്കുന്ന കനാലുകളുമെല്ലാം വറ്റിവരണ്ടു. എത്രത്തോളമെന്നാല്‍ ഗ്രാമത്തില്‍ ചിതാഭസ്മമൊഴുക്കാന്‍ പോലും വേണ്ടത്ര വെള്ളമില്ലാത്ത അവസ്ഥയാണ്. അവരുടെ ദുരിതത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇപ്പോള്‍ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുമരുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു ….’

ക്രമരഹിതമായ മഴയും പരിസ്ഥിതിക്കുണ്ടായ നാശവും ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വികസനത്തിനായി ഭൂമി ഉപയോഗപ്പെടുത്തിയതിന്റെ രീതിയില്‍ വന്ന മാറ്റത്തിന്റെ ഫലമാണ്. ഇത് മലകളിലുള്ള ജലസംഭരണ സംവിധാനങ്ങളെ ഇതിനകം തന്നെ ബാധിച്ച് കഴിഞ്ഞു. 2018 ആഗസ്റ്റിലെ ‘നീതി ആയോഗിന്റെ ‘ ഒരു റിപ്പോര്‍ട്ട് പറയുന്നത് ഇതാണ് : ‘ ഹിമാലയന്‍ പര്‍വ്വതനിരകളിലെ നീരുറവകള്‍ വറ്റുകയോ അതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരികയോ ചെയ്തിട്ടുണ്ട് എന്നതിന് ധാരാളം തെളിവുകളുണ്ട്. തീര്‍ച്ചയായും ഹിമാലയത്തിലെ ഹിന്ദു കുഷ് മേഖലയിലുടനീളം ഈ മാറ്റം പ്രകടമാകുന്നുണ്ട്. ‘

ഹിമാലയന്‍ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം സമതല പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം കുന്നുകളില്‍ വലുതും അടുത്തടുത്തുള്ളതുമായ ജലാശയങ്ങള്‍ നിലവിലില്ല.
പാറകളുടെ ക്രമീകരണമനുസരിച്ച് വെള്ളം മണ്ണിലേക്ക് ഒലിച്ചിറങ്ങുന്ന ‘പെര്‍ച്ചഡ് അക്വിഫറുകള്‍ ‘ എന്ന് വിളിക്കപ്പെടുന്ന ഉപരിതല ജലാശയങ്ങളുടെ ചെറിയ നീര്‍ക്കുഴികളില്‍ ദ്വാരമുണ്ടാക്കി ചെറിയ കുഴലുകള്‍ ഉപയോഗിച്ച് ഗ്രാമവാസികള്‍ വെള്ളമെടുക്കുന്നു. ചിലപ്പോള്‍ ഈ ജലസ്രോതസ്സുകള്‍ കവിഞ്ഞൊഴുകി നീരുറവകളാകുന്നു. പക്ഷേ ഇവയെല്ലാം വറ്റിവരളുന്നു എന്നതിന് മതിയായ തെളിവുകളുണ്ട്.

തുരങ്ക നിര്‍മ്മാണത്തില്‍ ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കിന്റെ ദിശ തുരങ്ക ആക്‌സിസിന് ലംബമായാല്‍ അത് ജലസ്രോതസ്സിന്റെ ഒഴുക്കിന് വിഘ്‌നം സൃഷ്ടിക്കുന്നു. ഇത് പര്‍വ്വത ഘടനയെ പ്രതികൂലമായി ബാധിക്കുകയും സസ്യജാലങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു.

വിജയകരമായ ടൂറിസം നയങ്ങളുടെ അവകാശ വാദങ്ങള്‍ക്കപ്പുറം ഈ മേഖലയില്‍ അധിവസിക്കുന്ന ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയെ സംബന്ധിക്കുന്ന വിഷയത്തിലേക്ക് വരുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രദേശവാസികളില്‍ ഭൂരിഭാഗവും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ഹിമാലയന്‍ നദികള്‍ക്ക് കുറുകെയുള്ള എണ്ണമറ്റ ഡാമുകള്‍ അവര്‍ക്ക് യാതൊരുവിധത്തിലുള്ള ആശ്വാസവും നല്‍കുന്നില്ല. അതായത് സ്ത്രീകള്‍ അരുവികളില്‍ നിന്നുള്ള വെള്ളം തേടി മൈലുകള്‍ താണ്ടി അലയേണ്ടി വരുന്നു. അതു പോലും വളരെ വേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുകയാണ്.

രഷ്‌മെ സെഹ്ഗാല്‍: തന്ത്ര പ്രധാനമായ ജോഷിമഠ് നഗരത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായി എന്ന് മാത്രമല്ല നഗരം തന്നെ താഴ്ന്നു പോയിക്കൊണ്ടിരിക്കുകയാണ്.
സ്ഥലവാസികള്‍ ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറിയെ കാണുകയും തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കവും റെയില്‍ പദ്ധതിയുടെ ഭാഗമായ ബൈപാസുമാണ് തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹത്തോട് പരാതിപ്പെട്ടു. അതു ശരിയാണോ ?

സി.പി. രാജേന്ദ്രന്‍: കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ വീടുകളില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിട്ടുണ്ട് എന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. 6,150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചമോലി ജില്ലയുടെ ഭാഗമായ ജോഷിമഠ് നഗരത്തിലെ പല പ്രദേശങ്ങളും അതിവേഗം താഴ്ന്നു പോയ്‌ക്കൊണ്ടിരിക്കുന്നതിന് കാരണം പ്രദേശത്തെ ഭൂപ്രകൃതിയില്‍ മനുഷ്യര്‍ നടത്തിയ ഇടപെടലുകളാണ് എന്ന് സ്ഥലം സന്ദര്‍ശിച്ച ഭൗമശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി രൂപീകരിച്ച ഒരു വിദഗ്ധ സംഘം അതിന്റെ 2022-ലെ റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ജോഷിമഠ് പട്ടണം സ്ഥിതി ചെയ്യുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഫലകങ്ങളുടെ കട്ടിയുള്ള കവചങ്ങള്‍ക്ക് മുകളിലാണ്. ഇത് വളരെക്കാലമായി ക്രമേണ താഴ്ന്നു പോകുന്നതായി കാണപ്പെടുന്നു… ജോഷിമഠ്-ഔലി റോഡില്‍ നിന്ന് വീണ്ടും മലയുടെ മുകളിലേക്ക് പോകുമ്പോള്‍ കുഴികളും ഭൂമിയില്‍ പിളര്‍പ്പുകളും കാണപ്പെടുന്നു.’
ജോഷിമഠിന് തൊട്ടു താഴെ കൂടി കടന്നുപോകുന്ന തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള തുരങ്കവും ഇതിന്റെ പല കാരണങ്ങളില്‍ ഒന്നായിരിക്കാം. തുരങ്കനിര്‍മാണത്തിനിടെ ഷെലോങ് ഗ്രാമത്തിന് സമീപം അളകനന്ദ നദിയുടെ ഇടതു ഭാഗത്തെ കരയിലുള്ള ജലപാളികളില്‍ ബോറിങ് മെഷീന്‍ സുഷിരങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

രഷ്‌മെ സെഹ്ഗാല്‍: 2022 ജൂണില്‍ ചമോലി ജില്ലാ മജിസ്ട്രേറ്റ് മണ്ണൊലിപ്പ് തടയാന്‍ അളകനന്ദ നദിയോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഒരു മതില്‍ കെട്ടാന്‍ ഉത്തരവിട്ടു. വാസ്തവത്തില്‍ മണ്ണാലിപ്പ് തടയാന്‍ ഇത് സഹായകരമാകുമോ ? അതോ വെറുമൊരു മുഖം മിനുക്കല്‍ നടപടി മാത്രമായി ഒതുങ്ങുമോ ?

സി.പി. രാജേന്ദ്രന്‍:ഹിമാലയത്തില്‍ ഒരു ഗതാഗത പദ്ധതി നടപ്പാക്കുമ്പോള്‍ കുത്തനെയുള്ള ചെരിവുകളും കൂര്‍ത്ത ഉയര്‍ച്ചതാഴ്ച്ചകളുമടങ്ങുന്നതുമായ പര്‍വ്വതരൂപഘടന മനുഷ്യ എഞ്ചിനീയറിംഗിന് എത്രത്തോളം വഴങ്ങുമെന്ന ഒരു ചോദ്യം നമ്മെ ഉറ്റു നോക്കുന്നുണ്ട്. ഇത്തരത്തില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പോലെയുള്ള ഏതൊരു ‘തീവ്ര സമീപനവും’ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്തരം ചലനാത്മകമായ ഒരു അന്തരീക്ഷത്തില്‍ നിലനില്‍ക്കില്ല.

ജോഷിമഠില്‍ നിന്ന്

മലയോരത്തെ മണ്ണൊലിപ്പും വെള്ളപ്പൊക്ക സമയങ്ങളില്‍ നദികള്‍ കരകവിഞ്ഞു ഒഴുകുന്നതും ആത്യന്തികമായി ഇത്തരം മതിലുകളെ നശിപ്പിക്കും. നദീതീരങ്ങളില്‍ അനുയോജ്യമായ ഇനം മരങ്ങള്‍ നട്ടുപിടിപ്പിച്ചു കൊണ്ട് നദീതീരങ്ങള്‍ ദൃഢപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. നദികള്‍ക്ക് ഒഴുകാന്‍ അവയുടേതായ ഇടം ആവശ്യമാണ്. ചുറ്റുമുള്ള വെള്ളപ്പൊക്ക പ്രദേശങ്ങളുമായുള്ള അവയുടെ ബന്ധത്തെ നാം മാനിക്കേണ്ടതുണ്ട്.

രഷ്‌മെ സെഹ്ഗാല്‍: ഉത്തരാഖണ്ഡില്‍ 100 അണക്കെട്ടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അവ ഐസോസ്റ്റാറ്റിക് സന്തുലിതാവസ്ഥക്ക് തടസ്സം വരുത്തുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുവഴി പര്‍വതങ്ങളില്‍ ഭൂകമ്പത്തിനുള്ള സാധ്യത വര്‍ധിക്കുന്നു .

സി.പി. രാജേന്ദ്രന്‍: വലിയ ജല സംഭരണികള്‍ അഥവാ റിസര്‍വോയറുകള്‍ സൃഷ്ടിക്കുന്ന ഗുരുത്വാകര്‍ഷണത്തിന്റ അമിതഭാരം ഭൂവല്‍ക്കത്തിലെ സന്തുലിതാവസ്ഥക്ക് തടസ്സം വരുത്തുമെന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഹൈഡ്രോസ്റ്റാറ്റിക് മര്‍ദ്ദത്തിന്റെ ഫലമായി
ഭൂവല്‍ക്കത്തില്‍ സ്വരുക്കൂടുന്ന പൊട്ടന്‍ഷ്യല്‍ എനര്‍ജിയെ (സ്ഥിതി കോര്‍ജ്ജത്തെ )അത് ഭൂഫലകങ്ങളുടെ ലംബമായ ( കുത്തനെയുള്ള)സ്ഥാനചലനത്തിനുതകുന്നതും ദശകങ്ങളോളം നിലനില്‍ക്കുന്നതുമായ കൈനറ്റിക് എനര്‍ജിയാക്കി (ഗതികോര്‍ജ്ജമാക്കി )മാറ്റുന്നു.

ഇത് സാധാരണയായി റിസര്‍വോയറുകള്‍ സൃഷ്ടിക്കുന്ന ഭൂകമ്പങ്ങളാണ്. നിലവില്‍ മധ്യ ഹിമാലയം മുഴുവന്‍ പൂട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ഫലകങ്ങള്‍ കൂട്ടിയിടിച്ചത് കാരണം സ്വരുക്കൂടിയുണ്ടായ സമ്മര്‍ദങ്ങള്‍ മുഴുവന്‍ ഭൂകമ്പങ്ങളുടെ രൂപത്തില്‍ പുറത്തുവരുന്നതും കാത്തിരിക്കുകയാണ്.

രഷ്‌മെ സെഹ്ഗാല്‍: ജോഷിമഠിനെ കൂടാതെ, ഭത്വരി, ഉത്തരകാശി എന്നിവയും താണു കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്?

സി.പി. രാജേന്ദ്രന്‍: ജോഷിമഠിലും ഉത്തരകാശി പോലുള്ള നഗരങ്ങളിലും നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഭാവിയില്‍ നമുക്കായി എന്തെല്ലാം കരുതി വെച്ചിട്ടുണ്ട് എന്നതിന്റെ മുന്നറിയിപ്പാണ്. ഹിമാലയത്തിലെ ആവാസവ്യവസ്ഥയുടെ ചെറുത്ത് നില്‍പ്പ് അതിന്റെ പരമാവധിക്കുമപ്പുറത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അഭൂതപൂര്‍വ്വമായ കാലാവസ്ഥാ വ്യതിയാനവും അതിന്‍റെ അനന്തരഫലങ്ങളായ വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ എന്നിവയും കൂടി അതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
കൂടാതെ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ മറ്റ് പ്രേരക ഘടകങ്ങളായ ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങള്‍, മലിനീകരണം, പ്രകൃതിദത്ത സംവിധാനങ്ങളെ വിഭജിക്കുന്നത് , പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയും ഇതിന്റെ കാരണങ്ങളാണ്.

ഹിമാലയത്തിലെ മഞ്ഞുകട്ടകള്‍ ഉരുകുന്നത് പ്രാദേശിക നദികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ ചില സീസണുകളില്‍ മാത്രമായുണ്ടാകുന്ന വമ്പന്‍ വെള്ളപ്പൊക്കത്തിന്റെ രൂപത്തിലോ അല്ലെങ്കില്‍ ചില കാലങ്ങളില്‍ നദികള്‍ വറ്റി വരണ്ടുപോകാന്‍ കാരണമാവുകയോ ചെയ്യും. ഹിമാലയത്തിലെ പരിസ്ഥിതി തകര്‍ച്ചയുടെ വക്കിലാണ് എന്ന് നാം ഓര്‍ക്കണം. ഹൈവേകള്‍, റെയില്‍വേ ട്രാക്കുകള്‍, അണക്കെട്ടുകള്‍ തുടങ്ങിയ ബൃഹത്തായ നിര്‍മാണ പ്രവര്‍ത്തന പദ്ധതികളുടെ രൂപത്തില്‍ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്ന ആഘാതത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇനിയും അതിന് കഴിഞ്ഞേക്കില്ല. ഇതിന് ഒരു പരിഹാരമാര്‍ഗ്ഗം എന്നോണം വനവല്‍ക്കരണത്തിന് ഗൗരവമായ ശ്രമങ്ങളൊന്നും നടക്കുന്നുമില്ല.

രഷ്‌മെ സെഹ്ഗാല്‍: എന്തുകൊണ്ടാണ് സര്‍ക്കാര്‍ ശാസ്ത്രീയമായ എതിര്‍പ്പുകളെ അവഗണിക്കുന്നതും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സ്വതന്ത്ര വിദഗ്ദരുടെ നേതൃത്വത്തില്‍ മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് വിലയിരുത്തലുകള്‍ നടത്താത്തതും ?

സി.പി. രാജേന്ദ്രന്‍: നിരവധി വിദഗ്ധര്‍ ഇതിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് അവയെല്ലാം അവഗണിക്കപ്പെടുന്നത് എന്ന് മനസിലാക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞില്ല. സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. ജലവൈദ്യുത പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കാന്‍ അധികൃതര്‍ അമിതാവേശം കാണിക്കുന്നു എന്ന് വസ്തുതകളില്‍ നിന്ന് വ്യക്തമാണ്. എന്തുകൊണ്ടാണിത് ?

അടിസ്ഥാന സൗകര്യ വികസനം ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാല്‍ നമ്മള്‍ ഇടപെടുന്ന ഭൂപ്രകൃതിയുടെ തൊട്ടാല്‍ പൊട്ടുന്ന സ്വഭാവം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഒരു യാഥാര്‍ത്ഥ വികസന തന്ത്രം ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം.
അടിസ്ഥാന സൗകര്യ വികസനം, നേരിടാനാകുന്ന അപകടസാധ്യതയുടെ അളവ്, ഭൂപ്രദേശത്തിന് തങ്ങാവുന്ന പരിധി എന്നിവയെല്ലാം കണക്കിലെടുക്കുന്നതും ഇവക്കിടയിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനുതകുന്ന തരത്തില്‍ തയ്യാറാക്കുന്നതുമായ ഒരു രൂപരേഖയെ അടിസ്ഥാനമാക്കിയുള്ളതാകണം ഇത്.

ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് പ്രതിദിനം ശരാശരി 58,000 കാല്‍നടയാത്രക്കാര്‍ ഉണ്ടായിരുന്നു. വലുതും ചെറുതും ആയ കുഴികളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയപ്പെട്ടിട്ടുണ്ടെന്നും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവ കത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇത് അത്യന്തം അപകടകരമാണെന്നും ഇവിടെ നിന്നും നേരിട്ടുള്ള റിപോര്‍ട്ടുകള്‍ പറയുന്നു.

ചാര്‍ധാം റൂട്ടുകളില്‍ തീര്‍ഥാടന സീസണിന്റെ തുടക്കം മുതല്‍ തന്നെ മാലിന്യങ്ങള്‍ കുന്ന്കൂടിയതായി കാണപ്പെടുന്നു. തീര്‍ത്ഥാടന വേളയില്‍ മനുഷ്യരുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തികള്‍ ഈ മേഖലകളിലെ വെള്ളത്തിന്റെയും വായുവിന്റെയും ഗുണനിലവാരത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന റെയില്‍, റോഡ് യാത്രാ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചാര്‍ ധാം പര്യടനത്തിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുന്നുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അത് പര്‍വതത്തിന്റെ പരിസ്ഥിതിയെ എത്രത്തോളം മലിനമാക്കുമെന്ന് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. പല ജലവൈദ്യുത പദ്ധതികളും അവയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തു കൊണ്ട് പുനരവലോകനം ചെയ്യേണ്ടതുണ്ട്.

കേദാര്‍നാഥിലുണ്ടായ വെള്ളപ്പൊക്കം

2013 ല്‍ കേദാര്‍നാഥിലുണ്ടായ വെള്ളപ്പൊക്കം ഒരു മുന്നറിയിപ്പാണ്. ടൂറിസത്തിലുണ്ടായ അനിയന്ത്രിതമായ വര്‍ദ്ദനവിന് ആനുപാതികമായിരുന്നു ഈ ദുരന്തത്തിന്റെ തീവ്രത. ടൂറിസത്തിന്റെ വര്‍ദ്ദന നിര്‍മ്മാണ മേഖലയില്‍ വര്‍ കുതിച്ചു ചാട്ടത്തിന് കാരണമായി.ഭൂവിനിയോഗ നിയമങ്ങള്‍ ലംഘിച്ച് സുരക്ഷിതമല്ലാത്ത മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതായത് നദീതടങ്ങള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍, മണ്ണിടിച്ചിലിന് സാധ്യതയുള്ള ചരിവുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തുന്നത്.

ഹിമാലയത്തിന് ഉള്‍ക്കൊള്ളാവുന്ന പരിധിക്കുമപ്പുറം മനുഷ്യന്റെ ഇടപെടല്‍ കാരണമുള്ള മാറ്റങ്ങള്‍ അരുവികളുടെ ഒഴുക്കിനെയും മണ്ണൊലിപ്പ്, ഊറല്‍ പ്രക്രിയ തുടങ്ങിയവയെയും മോശമായി ബാധിക്കും. ഇത്തരം ദൗര്‍ബല്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, മനുഷ്യ ഇടപെടലുകള്‍ കാരണം ഉണ്ടാകാനിടയുളള പ്രത്യാഘാതങ്ങളുടെ തോത് സാധ്യമായ രീതിയില്‍ കുറക്കേണ്ടതുണ്ട് .നിലവില്‍ സകല പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്കും എതിരാണ് ചാര്‍ ധാം പദ്ധതി.

രഷ്‌മെ സെഹ്ഗാല്‍: ഈ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ചിലവായത്. ഈ ഫണ്ടുകള്‍ ഇതിലും നന്നായി വിനിയോഗിക്കാന്‍ കഴിയുമായിരുന്നോ?

സി.പി. രാജേന്ദ്രന്‍: പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഹിമാലയത്തില്‍ ഒരു വികസന പ്രവര്‍ത്തനത്തിന് ഏതു രീതിയില്‍ ധനസഹായം നല്‍കണമെന്ന് സുനിത നരേനെപ്പോലുള്ള നിരവധി പണ്ഡിതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വികസന തന്ത്രങ്ങള്‍ മേഖലയിലെ വനങ്ങള്‍, ജല വിഭവങ്ങള്‍, ജൈവവൈവിധ്യങ്ങള്‍, ഇക്കോടൂറിസം തുടങ്ങിയ പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

കൂറ്റന്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനുപകരം പ്രാദേശിക തലത്തില്‍ ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കുന്ന ചെറിയ പദ്ധതികളിലാണ് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഹിമാലയന്‍ പര്‍വതനിരകളിലെ കൃഷിക്ക് മൃഗസംരക്ഷണവും സ്വാഭാവിക വനങ്ങളുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ പരമ്പരാഗത രീതികളും പ്രാദേശിക വിത്തിനങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. കൃഷിക്കാവശ്യമായ സാധന സാമഗ്രികള്‍ സംസ്ഥാനമോ സ്വകാര്യമേഖലയോ നല്‍കും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് അവര്‍.

മലയോര ഗ്രാമങ്ങളില്‍ നിന്ന് സമതല പ്രദേശങ്ങളിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റം കാരണം , ഉത്തരാഖണ്ഡിലെ ഹിമാലയന്‍ ജില്ലകളിലെ കൃഷിഭൂമിയുടെ 20% ല്‍ താഴെ മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യപ്പെടുന്നത്. ബാക്കി 80% തരിശുഭൂമിയായി മാറി. വന്‍തോതില്‍ ഫണ്ടുകള്‍ ഒഴുക്കേണ്ട ഒരു മേഖലയാണിത്. ഉചിതമായ ഒരു വികസന തന്ത്രത്തില്‍ പരമ്പരാഗത കൃഷിരീതികള്‍, നിര്‍മ്മാണ രീതികള്‍, പ്രാദേശികമായ സാംസ്‌കാരിക വശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് ഉപയോഗിക്കാനും കഴിയണം.

കടപ്പാട്: ന്യൂസ് ക്ലിക്ക്

പരിഭാഷ: ഷാദിയ നാസിര്‍

Content Highlight: A detailed Interview with C P Rajendran on the recent issues at Joshimath

രഷ്‌മെ സെഹ്ഗാല്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക