കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചൂണ്ടയിടല്‍ മത്സരത്തെച്ചൊല്ലിയുള്ള മറുപടി നല്‍കി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. പി.സി വിഷ്ണുനാഥിന്റെയും അനില്‍ അക്കരയുടെയും ടി.സിദ്ദിഖിന്റെയുമൊക്കെ മനസ്സില്‍ കത്തിനില്‍ക്കുന്ന സവര്‍ണബോധമാണ് വിവാദത്തിനു പിന്നിലെന്ന് റഹീം മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഡി.വൈ.എഫ്.ഐ എപ്പോഴും മണ്ണിന്റെ മണം സൂക്ഷിക്കുന്ന മനുഷ്യരുമായി ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കേരളത്തില്‍ ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതിനെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ട്. ചൂണ്ടയിടലിനെ ഒരു മത്സര ഇനമായിട്ട് സ്വീകരിക്കുന്നതിനെ ഇങ്ങനെ എതിര്‍ക്കുന്നതും ട്രോളുന്നതും എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.
ചൂണ്ടയിടല്‍ മത്സരം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ചതാണെന്നും പലതരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അതിന് കേന്ദ്രീകൃത സ്വഭാവം ഉണ്ടാകില്ലെന്നും റഹീം പറഞ്ഞു. ചൂണ്ടയിടലിനെ കായിക വിനോദമായിട്ട് മാത്രമല്ല കാണുന്നത്. അതിന് കേരളത്തിന്റെ സംസ്‌ക്കാരമായിട്ടും കേരളത്തിലെ സാധാരണ കീഴാള ജനവിഭാഗമായിട്ടും ബന്ധമുണ്ട്. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതിന് പിന്നില്‍ സവര്‍ണബോധമാണെന്നും ഇത് ഉയര്‍ന്ന രാഷ്ട്രീയ ചിന്താഗതിക്ക് ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യം കഴിക്കാം. പക്ഷേ, വില്‍ക്കുന്നവരോട് ഭ്രഷ്ട് കാണുന്നത് മനസ്സില്‍ കുടിയിരിക്കുന്ന സവര്‍ണ ബോധത്തിന്റെയും ജാതിബോധത്തിന്റെയും ഭാഗമാണ്. ചൂണ്ടയിടുന്നതിനെ എതിര്‍ക്കുന്നതിലൂടെ തൊഴിലിനോടുള്ളഅയ്ത്തം വെളിവാകുന്നത്. പി.സി വിഷ്ണുനാഥ് ഉയര്‍ന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹത്തിന് ചൂണ്ടയിടുന്നത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഇഷ്ടപ്പെടേണ്ട , ട്രോളുന്നവരും ഇഷ്ടപ്പെടേണ്ട. പക്ഷേ, ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഞങ്ങള്‍ പറഞ്ഞിട്ടല്ല ചൂണ്ടയിടല്‍ മത്സരം നടത്തിയത്. അത് ആ പ്രദേശത്തിന്റെ തനതായ ജീവതോപാധിയായിരിക്കാം. ട്രോളുന്നവര്‍ ട്രോളട്ടെ ,ഞങ്ങള്‍ ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകും.
ഡി.വൈ.എഫ്.ഐ തയ്യില്‍ യൂണിറ്റാണ് തയ്യില്‍മുക്ക് പുഴയില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷികളെ അവഹേളിക്കുന്ന പ്രവര്‍ത്തിയാണ് ഇതെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്താണ് കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ രക്തസാക്ഷികളായതെന്നു ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, പിന്നീട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ത്തന്നെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചതിനെ വിമര്‍ശിച്ചു.
‘ചൂണ്ടയും ഇരയും മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്’ എന്ന നോട്ടീസിന്റെ താഴെ നല്‍കിയ നിര്‍ദ്ദേശത്തെ ‘വേട്ടക്കാരനെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കും അല്ലാതെ മറ്റാര്‍ക്കു സാധിക്കുമെന്നു ചോദിച്ചാണു വിഷ്ണുനാഥ് പരിഹസിച്ചത്.