Entertainment
'ഏത് കഥയെഴുതിയാലും മനസില്‍ ആ ഒരു നടന്‍ മാത്രമേ വരൂ,' അരുണ്‍ മാതേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 10, 11:18 am
Wednesday, 10th January 2024, 4:48 pm

ആദ്യ രണ്ട് സിനിമകള്‍ കൊണ്ട് തമിഴ് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. 2021ല്‍ പുറത്തിറങ്ങിയ റോക്കി വ്യത്യസ്തമായ മേക്കിങ് കൊണ്ട് പ്രേക്ഷകശ്രദ്ധ നേടി. രണ്ടാമത്തെ ചിത്രം സാനി കായിധം ഒ.ടി.ടി റിലീസ് ആയിരുന്നു. 2022ലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു സാനി കായിധം. കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി വന്നത്. ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു.

സംവിധായകന്റെ പുതിയ ചിത്രം ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റന്‍ മില്ലറാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് അരുണ്‍ മനസ് തുറന്നത്. ‘2012ല്‍ തന്നെ ധനുഷിനെ നായകനാക്കി ഒരു കഥ തയാറാക്കിയിരുന്നു. ദേവദാസ് എന്നായിരുന്നു ആ കഥയുടെ പേര്. പക്ഷേ എന്തുകൊണ്ടോ താങ്കളിലേക്ക് എത്താന്‍ സാധിച്ചില്ല.

ക്യാപ്റ്റന്‍ മില്ലറിന്റെ കഥ റോക്കിക്കും സാനി കായിധത്തിനും മുന്നേ തയാറാക്കിയതായിരുന്നു. അത് ധനുഷിലേക്ക് എത്താന്‍ സ്വല്പം വൈകി. ഇനി അടുത്തതായി ചെയ്യുന്ന കഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. എന്താണെന്നറിയില്ല, അതിലും ഞാന്‍ നായകനായി മനസില്‍ കാണുന്നത് ധനുഷിനെത്തന്നെയാണ്. ഏത് കഥ ഞാന്‍ എഴുതിയാലും മനസില്‍ അദ്ദേഹം മാത്രമേ വരാറുള്ളൂ,’ അരുണ്‍ പറഞ്ഞു.

കന്നഡ സുപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെക്കൂടാതെ പ്രിയങ്ക അരുള്‍ മോഹന്‍, സന്ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ് എന്നിവരുമുണ്ട്. ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനുമാണ്

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്‍, അരുണ്‍ ത്യാഗരാജന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Director Arun Matheswaran About Dhanush