അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തി; ഐസകിനെ വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അന്ന് പറഞ്ഞ വാക്ക് പാലിക്കുമോ?
Demonetisation
അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തി; ഐസകിനെ വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അന്ന് പറഞ്ഞ വാക്ക് പാലിക്കുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 2:51 pm

കോഴിക്കോട്: മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് കൊണ്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കിലുണ്ടാകുമെന്നാണ്. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവെങ്കിലും റിസര്‍ബാങ്കില്‍ ഇല്ലങ്കില്‍ ഏഷ്യനെറ്റ് അവതാരകനായ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


Read Also : സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കരുത്; ബി.ജെ.പിക്കാരോട് മോദി


 

സുരേന്ദ്രന്‍ അന്ന് പറഞ്ഞത് “”കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത്, ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസകിനെ. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കില്‍ ഇല്ലങ്കില്‍ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കില്‍ ഉണ്ടാകും, അത് ഉറപ്പാണ്. 14 ലക്ഷത്തില്‍ ഒരു 11 ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ചു വരാന്‍ പോകുന്നില്ല. പിന്നെ എന്ത് ന്യായമാണ് ഐസക് പറയുന്നത്””


Read Also : നോട്ടുനിരോധനം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കണ്ടെത്തല്‍; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തടഞ്ഞുവെച്ച് ബി.ജെ.പി


 

പിന്നെ ഇത് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും അത് അംഗീകരിക്കുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തോമസ് ഐസക് പറഞ്ഞ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഞാന്‍ നാല് ലക്ഷം കൂടുതലാണ് പ്രവചിക്കുന്നത് എങ്കിലും മൂന്ന് ലക്ഷം കോടിരൂപ മിനിമം ബാങ്കിലെത്തില്ലെന്ന് ഉറപ്പിച്ച് പറയുന്നെന്നും ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നു

കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് നോട്ട് നിരോധനത്തിലൂടെയുള്ള നീക്കമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണമെങ്കിലും അസാധുവായ നോട്ടുകള്‍ ബാങ്കില്‍ എത്തിക്കാന്‍ ഇവര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കരുതിയിരുന്നത്.

നോട്ടു അസാധുവാക്കലിന് ശേഷം കാര്യമായ പണമിടപാടുകള്‍ നടന്നിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്് പറഞ്ഞിരുന്നു. മാത്രവുമല്ല ക്രയവിക്രയത്തിനുള്ള പണത്തിന്റെ അളവും കൂടി. 18 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ വിനിമയത്തില്‍ ഉള്ളത്. അതായത് 2 വര്‍ഷം കൊണ്ട്് 37 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകളാണ് ഇപ്പോള്‍ വിനിമയ രംഗത്തുള്ളതിന്റെ 80 ശതമാനമെന്നും റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റം ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പിന്‍വലിച്ച നോട്ടുകളുടെ അത്രയും തന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടില്‍  പറയുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത്.