ന്യൂദല്‍ഹി: ദല്‍ഹിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്ന കലാപങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ഒന്‍പത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ദല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയ്ക്ക് തുറന്ന കത്തെഴുതി.
ഫെബ്രുവരിയില്‍ നടന്ന എല്ലാ കലാപങ്ങളിലും പുനരന്വേഷണം നടത്തണമെന്നും അതില്‍ പക്ഷപാതിത്വമില്ലാതെ വേണം അന്വേഷണം നടത്താനെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
‘കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് സമര്‍പ്പിച്ച രേഖകളും നടത്തിയ അന്വേഷണങ്ങളും രാഷ്ട്രീയതാത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. നിയമവാഴ്ചയിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ പൊലീസുകാരിലും (സര്‍വീസിലിരിക്കുന്നവരിലും വിരമിച്ചവരിലും) ഇത് വേദനയുണ്ടാക്കുന്നുണ്ട്,’ കത്തില്‍ പറയുന്നു.
മുന്‍ സ്‌പെഷ്യല്‍ സി.ബി.ഐ ഡയറക്ടര്‍ കെ സലീം അലി, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി മുന്‍ ഓഫീസര്‍ എ.എസ് ദുലത്ത്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ മുന്‍ ഡി.ജി ഷാഫി ആലം, പഞ്ചാബിലെ മുന്‍ ഡി.ജി.പി( ജയില്‍) മൊഹീന്ദര്‍ ഔലാഖ് എന്നിവരും കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു.
കലാപവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില്‍ ചിലരെ അറസ്റ്റ് ചെയ്തതില്‍ നീരസം പ്രകടിപ്പിച്ച് പൊലീസ് കമ്മീഷണര്‍മാരില്‍ ഒരാള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു.
‘പൊലീസ് നേതൃത്വത്തില്‍ നിന്നുള്ളവരുടെ ഇത്തരം ഭൂരിപക്ഷ മനോഭാവം കലാപത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഇരകളെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കുന്നതിലേക്ക് നയിക്കും. അതായത് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും ഇത് സഹായിക്കും,’കത്തില്‍ വിശദീകരിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പ്രതിചേര്‍ത്തതിലും മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിയായ ദുഃഖമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും നടപ്പാക്കുകയായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ പക്ഷപാത പരമായ അന്വേഷണങ്ങള്‍ കേസില്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ ഐ.പി.എസ് ഓഫീസര്‍മാരിലൊരാളായ ജൂലിയോ റിബേയിറോ ബി.ജെ.പി നേതാക്കളുടെ കലാപാഹ്വാനത്തിനെതിരെ കത്ത് നല്‍കിയിരുന്നു. മുന്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ ഈ കത്തിനെയും പിന്തുണച്ചിട്ടുണ്ട്. ദല്‍ഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് ശര്‍മ എന്നിവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നാണ് ജൂലിയോയുടെ കത്തില്‍ ചോദിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക