Advertisement
Sports News
വെടിക്കെട്ട് റെക്കോഡും തൂക്കിയാണ് മുംബൈയുടെ വജ്രായുധം കളം വിട്ടത്; ദല്‍ഹിക്ക് വിജയലക്ഷ്യം 150
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 15, 04:17 pm
Saturday, 15th March 2025, 9:47 pm

2025 വിമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയാണ് മുംബൈ ബാറ്റിങ് അവസാനിപ്പിച്ചത്.

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാാണ് മുംബൈക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 44 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ പുറത്തായത്. തിരിച്ചടിയില്‍ തുടങ്ങിയ മുംബൈയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സ്റ്റാര്‍ ബാറ്റര്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ടിവനും സാധിച്ചു. 28 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടി പുറത്താകുകയായിരുന്നു താരം.

എന്നാല്‍ സീസണിലെ അവസാന മത്സരത്തില്‍ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കിയാണ് ബ്രണ്ട് കളം വിട്ടത്. വിമണ്‍സ് പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് നാറ്റ് സ്‌കൈവര്‍ നേടിയത്.

വിമണ്‍സ് പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരം, റണ്‍സ്

നാറ്റ് സ്‌കൈവര്‍ ബ്രണ്ട് – 523

എല്ലിസ് പെരി – 347

മെഗ് ലാനിങ്- 345

ഈ നേട്ടത്തിന് പുറമെ വിമണ്‍സ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും ബ്രണ്ട് മത്സരത്തില്‍ നേടി.

ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ് ദല്‍ഹി തുടക്കത്തില്‍ തന്നെ നല്‍കിയത്. മുംബൈയുടെ കരുത്തുറ്റ ഓപ്പണര്‍മാരെ പുറത്താക്കി വമ്പന്‍ പ്രകടനമാണ് ദല്‍ഹിയുടെ സ്റ്റാര്‍ ബൗളര്‍ മരിസാനി കാപ്പ് മുന്നേറുന്നത്. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ മൂന്നാം ഓവറിനെത്തിയ മരിസാന്‍ കാപ്പ് തകര്‍പ്പന്‍ ഇന്‍സ്വിങ്ങിലൂടെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ആദ്യ വിക്കറ്റ് നേടിയത്.

10 പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് ഹെയ്‌ലിക്ക് നേടാന്‍ സാധിച്ചത്. അപകടകാരിയായ ഹെയ്‌ലിയെ പുറത്താക്കി അധികം വൈകാതെ അഞ്ചാം ഓവറില്‍ യാസ്തിക ഭാട്ടിയയെ ജമീമ റോഡ്രിഗസിന്റെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റ് നേടാനും കാപ്പിന് സാധിച്ചു. മലയാളി താരം സജന സജീവനെ പൂജ്യം റണ്‍സിന് പുറത്താക്കി ദല്‍ഹിയുടെ ജസ് ജോനസനും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും മുംബൈക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

ദല്‍ഹിക്ക് വേണ്ടി ജെസ് ജൊനാസന്‍, നല്ലപ്പുറെഡ്ഡി ചരാണി എന്നിവരും രണ്ട് വിക്കറ്റ് നേടിയിരുന്നു. അനബല്‍ സതര്‍ലാന്‍ഡ് ഒരു വിക്കറ്റും നേടി.

ദല്‍ഹി ക്യാപിറ്റല്‍സ് വനിത ഇലവന്‍

മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെസ് ജോനാസെന്‍, ജെമീമ റോഡ്രിഗസ്, അന്നബെല്‍ സതര്‍ലാന്‍ഡ്, മരിസാന്‍ കാപ്പ്, സാറാ ബ്രൈസ് (വിക്കറ്റ് കീപ്പര്‍), നിക്കി പ്രസാദ്, ശിഖ പാണ്ഡെ, മിന്നു മാണി, നല്ലപുറെഡ്ഡി ചരണി

മുംബൈ ഇന്ത്യന്‍സ് വനിതാ ഇലവന്‍

യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്‌കൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സജീവന്‍ സജന, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, കമാലിനി ഗുണലന്‍, സംസ്‌കൃതി ഗുപ്ത, ഷബ്‌നിം ഇസ്മയില്‍, സൈക ഇസ്ഹാക്ക്

 

Content Highlight: 2025 WPL: Nat Sciver Brunt In Great Record Achievement In WPL Final