ഇന്ത്യയില്‍ ലഹരി ദുരുപയോഗത്തിന് ഇരയായവരില്‍ 13 ശതമാനം പേരും 20 വയസിന് താഴെയുള്ളവര്‍: യു.എന്‍ വക്താവ്
national news
ഇന്ത്യയില്‍ ലഹരി ദുരുപയോഗത്തിന് ഇരയായവരില്‍ 13 ശതമാനം പേരും 20 വയസിന് താഴെയുള്ളവര്‍: യു.എന്‍ വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 6:28 pm

തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ 13 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് യു.എന്‍ വക്താവ്. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു.

‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ‘ലഹരി വിമുക്ത ബാല്യം’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും; സമൂഹത്തിന്റെ പങ്ക്'(Drugs and Transnational Crime in a Child’s World and Role of Civil Society) എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബില്ലി ബാറ്റ് വെയര്‍.

യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (യു.എന്‍.ഒ.ഡി.സി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ് (ഡബ്ല്യു.എഫ്.എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്.ഡബ്ല്യു.എഫ്) ആണ് ത്രിദിന സെമിനാര്‍ സംഘടിപ്പിച്ചത്.

കുട്ടികള്‍ക്കെതിരായ അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവ കാരണം അവരുടെ മാനസിക, ശാരീരികാരോഗ്യം സാരമായി ബാധിക്കുന്നുവെന്ന് ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു. ഇത് മൂലം മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും ദുരുപയോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ സാഹചര്യം വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ 10ല്‍ ഒമ്പത് പേരും 18 വയസ് തികയുന്നതിന് മുമ്പ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ അഭാവം കേരളത്തില്‍ പ്രകടമാണ്. ശിശുപരിചരണം, ശിശുസംരക്ഷണ നിയമങ്ങള്‍ എന്നിവയിലും സംസ്ഥാനം മെച്ചപ്പെടേണ്ടതുണ്ട്. കേരളത്തില്‍ എഫ്.ഡബ്ല്യു.എഫ് നടത്തുന്ന ‘വേണ്ട’ പദ്ധതി ശിശുപരിചരണം കൈകാര്യം ചെയ്യുന്നതിലെ ശേഷി വര്‍ധിപ്പിക്കേണ്ടതിന് പ്രാധാന്യം നല്‍കുന്നുവെന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.സി. ജോസഫ് പറഞ്ഞു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഇടപെടലുകളിലൂടെ ചെറുപ്രായത്തില്‍ തന്നെ ആരോഗ്യ വിദ്യാഭ്യാസം പ്രതിരോധം, പരിചരണം, മയക്കുമരുന്നിന്റെ ലഭ്യത കുറയ്ക്കല്‍ തുടങ്ങിയ ബഹുമുഖ സമീപനമാണ് ‘വേണ്ട’ പിന്തുടരുന്നത്. പ്രതിവര്‍ഷം ശരാശരി 3000 കുട്ടികള്‍ ഇതിലൂടെ പരിശീലനം നേടുന്നു. ഈ പദ്ധതി 10 ലക്ഷത്തിലധികം കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കും ഭരണകൂടത്തിന്റെ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. അവര്‍ ലഹരിമുക്ത സമൂഹത്തില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ദി കണ്‍സേണ്‍ഡ് ഫോര്‍ വര്‍ക്കിങ് ചില്‍ഡ്രന്‍-ഇന്ത്യയുടെ അഡ്വക്കസി ആന്‍ഡ് ഫണ്ട് റൈസിങ് ഡയറക്ടര്‍ കവിത രത്‌ന പറഞ്ഞു.

ലഹരി ഉപയോഗിക്കുന്ന 70 ശതമാനം കൗമാരക്കാരും ഇതിന്റെ കുടുംബ ചരിത്രമുള്ളവരാണെന്ന് ബെംഗളുരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) സെന്റര്‍ ഫോര്‍ അഡിക്ഷന്‍ മെഡിസിന്‍ സൈക്യാട്രി പ്രൊഫസര്‍ ഡോ. അരുണ്‍ കന്തസാമി പറഞ്ഞു. മുതിര്‍ന്നവരില്‍ ഇത് 43 ശതമാനമാണ്. കൗമാരക്കാരില്‍ 61 ശതമാനവും മുതിര്‍ന്നവരില്‍ 32 ശതമാനവും ഇതിലൂടെയുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാളത്തേക്കല്ല, ഇന്നത്തേക്കാണ് കുട്ടികളെ പരിപൂര്‍ണമായി വളര്‍ത്തിയെടുക്കേണ്ടതെന്ന് സെഷന്‍ നിയന്ത്രിച്ച ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എ.ഡി.ഐ.സി)ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള പറഞ്ഞു.

അതേസമയം, യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്‌സ് ഓഫ് ദ ചൈല്‍ഡിന്റെ (യു.എന്‍.സി.ആര്‍.സി) ആര്‍ട്ടിക്കിള്‍ 33 നെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ നയം രൂപീകരിക്കാനും നിയമനിര്‍മാണം നടത്താനുമാണ് ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് ഉപയോഗം, വ്യാപാരം എന്നിവയില്‍ നിന്ന് കുട്ടികളെയും യുവാക്കളെയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് ആര്‍ട്ടിക്കിള്‍ 33.

നവംബര്‍ 16ന് തുടങ്ങിയ സമ്മേളനം നവംബര്‍ 18 വെള്ളിയാഴ്ച സമാപിക്കും. 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Content Highlight: 13 per cent of drug abuse victims in India below 20 years, says UN official