national news
ബി.ജെ.പി സര്‍ക്കാരിനെതിരായ പ്രതിഷേധം; ഹരിയാനയില്‍ 120 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 04, 01:04 pm
Monday, 4th June 2018, 6:34 pm

ചണ്ഡീഗഢ്: മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഹരിയാനയിലെ ജിന്ദില്‍ 120 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. ഝാന്‍സ കൂട്ടബലാത്സംഗക്കേസില്‍ സി.ബി.ഐ അന്വേഷണം, ജിന്ദില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി, എസ്.സി എസ്.ടി ആക്ടില്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 115 ദിവസമായി ദളിതര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. ഇതംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മതംമാറ്റം.

ഫെബ്രുവരി 9 മുതല്‍ ഞങ്ങള്‍ ധര്‍ണ്ണയിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹം ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തതാണ്. പക്ഷെ നടപടിയൊന്നും സ്വീകരിച്ചില്ല. മെയ് 20നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മതംമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ജിന്ദില്‍ മെയ് 26നും 27നും ഖട്ടാര്‍ വന്നിരുന്നെങ്കിലും ഞങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. പ്രതിഷേധം നയിച്ചിരുന്ന ദിനേഷ് ഖപഡ പറഞ്ഞു.

ഹിന്ദുക്കളുടേതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ഹരിയാന ഭരിക്കുന്നത്. ഈ സര്‍ക്കാരും മതവും ഞങ്ങളെ പരാജയപ്പെടുത്തി. ദീര്‍ഘകാലമായി മേല്‍ജാതിക്കാരുടെ അക്രമം സഹിക്കുന്നു. പക്ഷെ നീതി കിട്ടിയിട്ടില്ല. ബുദ്ധമതം വലിയ ആശയമാണ് അവിടെ തുല്ല്യത മാത്രമേയുള്ളൂ. വിവേചനമില്ല. ദിനേഷ് പറഞ്ഞു.

മെയ് 31ന് ദല്‍ഹിയില്‍ വെച്ചാണ് മതംമാറ്റം നടന്നതെന്നും ദിനേഷ് പറഞ്ഞു.