Advertisement
Football
പണമെറിഞ്ഞ് സൗദി ക്ലബ്ബുകള്‍; ബെന്‍സിമക്കും കാന്റെക്കും പുറമെ മൂന്ന് സൂപ്പര്‍താരങ്ങള്‍ കൂടി അറേബ്യയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 23, 12:01 pm
Friday, 23rd June 2023, 5:31 pm

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സിമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിച്ച ബെന്‍സിമയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അറേബ്യന്‍ മണ്ണിലേക്ക് നീങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം.

തൊട്ടുപിന്നാലെ ചെല്‍സിയുടെ ഫ്രഞ്ച് സൂപ്പര്‍താരം എന്‍ഗോളോ കാന്റെയെയും തട്ടകത്തിലെത്തിച്ചിരിക്കുകയാണ് അല്‍ ഇത്തിഹാദ്. ഉയര്‍ന്ന വേതനത്തില്‍ നാല് വര്‍ഷത്തെ കരാറിലാണ് കാന്റെയുമായി ഇത്തിഹാദ് സൈന്‍ ചെയ്തിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രവേശനത്തോടെ സൗദി പ്രോ ലീഗിന്റെ നിലവാരം കുത്തനെ ഉയര്‍ന്നതോടെയാണ് കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകള്‍ പദ്ധതിയിട്ടത്.

എന്‍ഗോളോ കാന്റെക്ക് പിന്നാലെ ചെല്‍സിയില്‍ നിന്ന് മറ്റ് മൂന്ന് താരങ്ങളെ കൂടി സ്വന്തമാക്കുകയാണ് സൗദി അറേബ്യന്‍ ക്ലബ്ബുകള്‍. ഹക്കിം സിയെച്ച്, കാലിദു കൗലിബാലി, എഡ്വേര്‍ഡ് മെന്‍ഡി എന്നീ താരങ്ങളാണ് ഈ സീസണിന്റെ അവസാനത്തോടെ ചെല്‍സിയില്‍ നിന്ന് അറേബ്യയിലേക്ക് നീങ്ങുന്ന മറ്റുതാരങ്ങള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ അല്‍ നസറാണ് ഹക്കിം സിയെച്ചിനെ സ്വന്തമാക്കുന്നത്. അല്‍ ഹിലാല്‍ കൗലിബാലിയെ സ്വന്തമാക്കുമ്പോള്‍ എഡ്വേര്‍ഡ് മെന്‍ഡി അല്‍ അഹ്‌ലിലേക്കാണ് കൂടുമാറ്റം നടത്തുക. പുതിയ ലീഗില്‍ കളിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന താരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlights: Ziyech, Kaulibaly and Mendy will join soon with Saudi Arabian clubs