ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ 100 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര; ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു
Kerala News
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ 100 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര; ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 1:18 pm

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സൈക്കിള്‍ യാത്ര ആരംഭിച്ചു. കായംകുളത്ത് മുക്കടയില്‍ നിന്ന് രാജ്ഭവന്‍ വരെ നൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്താണ് പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് യാത്ര ഉദ്ഘാടനം ചെയ്തു. ബി.വി. ശ്രീനിവാസും യാത്രയെ അനുഗമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യാത്രയില്‍ പിന്നീട് അണിച്ചേരും.

രാജ്യത്തെ സാധാരണക്കാരനു വേണ്ടി സാധാരണക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണിതെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ എഴുതി.
ഇന്ധനത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ നികുതി കൊടുക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരന്റെയും പ്രതിഷേധത്തിന്റെ പ്രതീകമാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.

ചുറ്റും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ആവേശം ചോരാതെ സൈക്കിള്‍ യാത്ര പുരോഗമിക്കുകയാണെന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, ഇന്ധനവിലയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചു. മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഇന്ധനവില വര്‍ധനവ് പകല്‍കൊള്ളയാണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ മൗനം പാലിക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHT:  Youth Congress 100 km cycle ride to protest fuel price hike