Entertainment
ഒന്നിച്ച് തുടങ്ങിയ ആ നടന്റെ വളര്‍ച്ച കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 03:00 am
Wednesday, 2nd April 2025, 8:30 am

മലയാള സിനിമയിലെ മികച്ച സംവിധായകന്‍ – ആക്ടര്‍ കോമ്പോ ആണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ടൊവിനോയുടെ കരിയറിലെ വലിയ ഇംപാക്ടുണ്ടാക്കിയ ചിത്രങ്ങളായിരുന്നു ഗോദയും മിന്നല്‍ മുരളിയും. ഗോദ ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ടൊവിനോയ്ക്ക് സാധിച്ചു. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ബേസില്‍ ജോസഫായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

ടൊവിനോയുടെ വളര്‍ച്ച കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട് – ബേസില്‍ ജോസഫ്

ഇപ്പോള്‍ ടൊവിനോ തോമസിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനോയുടെ വളര്‍ച്ച കാണുമ്പോള്‍ തനിക്കൊരുപാട് സന്തോഷമുണ്ടെന്നും തങ്ങള്‍ ഇരുവരും ഒന്നിച്ച് തുടങ്ങിയവരാണെന്നും ബേസില്‍ ജോസഫ് പറയുന്നു. ഓരോ കഥാപാത്രത്തിന് വേണ്ടിയും ടൊവിനോ എടുക്കുന്ന എഫേര്‍ട്ട് വളരെ വലുതാണെന്നും ഒരു സിനിമയില്‍ കണ്ട ടൊവിനോയെ അടുത്ത സിനിമയില്‍ കാണാന്‍ കഴിയില്ലെന്നും ബേസില്‍ പറഞ്ഞു.

‘ടൊവിനോയുടെ വളര്‍ച്ച കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കാരണം ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് തുടങ്ങിയവരാണ്. ഗോദ എന്ന സിനിമയെല്ലാം അവന്റെ കൂടെ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായും അവന്‍ നടനായും ഒരേ സമയത്താണ് ഞങ്ങള്‍ തുടങ്ങുന്നത്.

ഗോദയില്‍ അഭിനയിക്കാന്‍ വരുമ്പോഴുള്ള ടൊവിനൊയല്ല മിന്നല്‍ മുരളിയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍, മിന്നല്‍ മുരളിയില്‍ അഭിനയിച്ച ടൊവിനൊയല്ല തല്ലുമാലയില്‍

ഗോദക്ക് ശേഷം തീവണ്ടി വരുന്നു, 2018 വരുന്നു, തല്ലുമാല വരുന്നു, മിന്നല്‍ മുരളി വരുന്നു, അങ്ങനെ മലയാളത്തിലെ ഇന്നുള്ളതില്‍ വെച്ച് മികച്ച സിനിമകളുള്ള നടനും കൂടിയാണ് ടൊവിനോ. ഓരോ സിനിമയും നമുക്ക് ടൊവിനോയെ കാണാന്‍ കഴിയില്ല. അവന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ കഴിയുകയുള്ളു.

ഓരോ സിനിമക്ക് വേണ്ടിയും അവന്‍ അവനെക്കൊണ്ട് കഴിയുന്ന മാക്‌സിമം എഫേര്‍ട്ട് ഇടാന്‍ ശ്രമിക്കുന്നുണ്ട്. അത് ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് നന്നായി മനസിലാകും. ഗോദയില്‍ അഭിനയിക്കാന്‍ വരുമ്പോഴുള്ള ടൊവിനൊയല്ല മിന്നല്‍ മുരളിയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍, മിന്നല്‍ മുരളിയില്‍ അഭിനയിച്ച ടൊവിനൊയല്ല തല്ലുമാലയില്‍. അങ്ങനെ ഒരു അഭിനേതാവ് എന്ന നിലയില്‍ ഓരോ കഥാപാത്രത്തിനും വേണ്ടി അവന്‍ അത്രയും എഫേര്‍ട്ട് ഇടുന്നുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph Talks  About Tovino Thomas