ഐ.പി.എല്‍ 2025ല്‍ എല്ലാ ടീമുകളും ചുരുങ്ങിയത് രണ്ട് മത്സരം വീതം പൂര്‍ത്തയാക്കിയിരിക്കുകയാണ്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പോയിന്റ് പട്ടികയില്‍ അവസാനക്കാരായി തലകുനിച്ച് നില്‍ക്കുമ്പോള്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നാമത് നിലയുറപ്പിച്ചിരിക്കുകയാണ്.
പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാല് പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് നാലാതും മുംബൈ ഇന്ത്യന്‍സ് അഞ്ചാമതാണ്.
പോയിന്റ് പട്ടികയില്‍ നാല് മുതല്‍ പത്ത് വരെയുള്ള എല്ലാ ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍ റേറ്റാണ് ടീമുകളെ തമ്മില്‍ വേര്‍തിരിക്കുന്നത്.
എല്ലാ ടീമുകളും ചുരുങ്ങിയത് രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ മൂന്ന് ടീമുകള്‍ അപരാജിതരായി തുടരുകയാണ്. മൂവരും രണ്ട് മത്സരം വീതമാണ് കളിച്ചത്.
ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാത്ത മൂന്ന് ടീമുകളാണ് ടോപ് ത്രീയിലുള്ളത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
മൂന്ന് മത്സരങ്ങള്‍ കളിച്ച ടീമുകളെ പരിഗണിക്കുമ്പോള്‍ ഒരു ടീം പോലും ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചിട്ടില്ല എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ഐ.പി.എല്‍ പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെപ്പോക്കില്‍ വെച്ചും പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഒന്നാമത് നിലയുറപ്പിച്ചിരിക്കുന്നത്. +2.266 എന്ന മികച്ച നെറ്റ് റണ്‍ റേറ്റാണ് രജത് പാടിദാറിനും സംഘത്തിനുമുള്ളത്.
ഇന്ന് (ഏപ്രില്‍ രണ്ട്) ബെംഗളൂരു മൂന്നാം മത്സരത്തിനിറങ്ങും. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. സീസണിലെ ആദ്യ ഹോം മാച്ചിനാണ് ബോംഗളൂരു കളത്തിലിറങ്ങുന്നത്.
റോയല്‍ ചലഞ്ചേഴ്‌സിന്റേതെന്ന പോലെ ആദ്യ രണ്ട് മത്സരത്തിലും എതിരാളികളെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്‌സും മുന്നേറുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദില്‍ 11 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ പഞ്ചാബ് കഴിഞ്ഞ ദിവസം എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി.
A-𝐃𝐔𝐁! 🤌🏻 pic.twitter.com/K1bJBkSMu5
— Punjab Kings (@PunjabKingsIPL) April 1, 2025
ഏപ്രില്‍ അഞ്ചിനാണ് പഞ്ചാബ് അടുത്ത മത്സരത്തിനിറങ്ങുന്നത്. സീസണിലെ ആദ്യ ഹോം മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
ഹോം സ്‌റ്റേഡിയത്തിലാണ് ക്യാപ്പിറ്റല്‍സ് തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയത്. വിശാഖപട്ടണത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ നെയില്‍ബൈറ്റിങ് ഫിനിഷിലായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.
രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ദല്‍ഹിയോട് പരാജയം രുചിച്ചു. ഏപ്രില്‍ അഞ്ചിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സീസണിലെ ആദ്യ എവേ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ക്യാപ്പിറ്റല്‍സ്.
Content Highlight: IPL 2025: Royal Challengers Bengaluru, Punjab Kings, Delhi Capitals are the only teams remains unbeaten after two games