national news
പ്രതിമാസം 15,000 രൂപ ശമ്പളം വാങ്ങുന്ന യു.പിയിലെ ശുചിത്വ തൊഴിലാളിക്ക് 33.88 കോടി രൂപയുടെ നികുതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Wednesday, 2nd April 2025, 8:35 am

ലഖ്‌നൗ: പ്രതിമാസം 15,000 രൂപ ശമ്പളം വാങ്ങുന്ന യു.പിയിലെ ശുചിത്വ തൊഴിലാളിക്ക് 33.88 കോടി രൂപയുടെ നികുതി നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖൈർ ശാഖയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന കരൺ കുമാർ വാൽമീകിക്കാണ് 33.88 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചത്.

15,000 രൂപ മാത്രം ശമ്പളം ലഭിക്കുന്ന കരൺ കുമാർ വാൽമീകിക്ക് ലഭിച്ച അപ്രതീക്ഷിത നികുതി നോട്ടീസിന്റെ ഞെട്ടലിലാണ് അദ്ദേഹവും കുടുംബവും. നോട്ടീസ് ലഭിച്ചയുടനെ കരൺ കുമാർ ആദായനികുതി വകുപ്പിനെ സമീപിച്ചു. അവിടെയുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തോട് പൊലീസ് സ്റ്റേഷനിൽ പോകാനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ഉപദേശിച്ചു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ചെറിയ വരുമാനമുള്ള വ്യക്തികൾക്ക് ആദായ നികുതി വകുപ്പ് വലിയ നികുതി നോട്ടീസ് നൽകുന്നത്.

നേരത്തെ, ഒരു ജ്യൂസ് വിൽപ്പനക്കാരന് 7.54 കോടി രൂപയുടെ നികുതി നോട്ടീസ് നൽകിയിരുന്നു. കൂടാതെ ഒരു പൂട്ട് നിർമാണ തൊഴിലാളിക്ക് 11.11 കോടി രൂപയ്ക്ക് നോട്ടീസും ലഭിച്ചിരുന്നു. ഇത് അനധികൃത സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഇവരുടെ പാൻ കാർഡുകൾ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ആശങ്ക ഉയർത്തുന്നു.

മാർച്ച് 29ന് വൈകുന്നേരമാണ് കരൺ കുമാറിന്റെ വസതിയിൽ നോട്ടീസ് എത്തിയത്. 33.88 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മാർച്ച് 31നകം പോർട്ടലിൽ മറുപടി നൽകണമെന്നും അതിൽ പറഞ്ഞിരുന്നു. നൽകിയ തീയതിയിൽ, അദ്ദേഹം ആദായനികുതി വകുപ്പ് ഓഫീസിൽ എത്തി, അവിടെ ഒരു ഉദ്യോഗസ്ഥനെ കണ്ടു, അദ്ദേഹം പൊലീസിൽ പരാതി നൽകാൻ ഉപദേശിക്കുകയായിരുന്നു.

പക്ഷേ പൊലീസിനെ സമീപിച്ചിട്ടും ഇതുവരെ ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അനിശ്ചിതത്തിലാണ് കരണും കുടുംബവും.

താനൊരു ശുചീകരണ തൊഴിലാളിയാണെന്നും തനിക്ക് ലഭിച്ച ഈ നോട്ടീസ് കാരണം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണെന്നും കിരൺ പറഞ്ഞു.

‘ഞാൻ എസ്‌.ബി‌.ഐയുടെ ഖൈർ ബ്രാഞ്ചിൽ ഒരു ശുചിത്വ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. 29ന് വൈകുന്നേരം നാല് മണിക്ക് നോട്ടീസ് ലഭിച്ചു. അതിൽ 33,88, 85,368 രൂപയുടെ ഇടപാടുകൾ സൂചിപ്പിച്ചിരുന്നു. 31ന് മുമ്പ് നോട്ടീസിന് ഞാൻ മറുപടി നൽകണമായിരുന്നു. ഞാൻ ആദായനികുതി വകുപ്പ് ഓഫീസിലെത്തുകയും നെൻ സിങ്ങിനെ കാണുകയും ചെയ്തു. അദ്ദേഹം എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ നിർദേശിച്ചു. പക്ഷേ, ഞങ്ങൾ ഇപ്പോഴും ഒരു പരിഹാരവുമില്ലാതെ ഓടുകയാണ്,’ കരൺ പറഞ്ഞു.

 

Content Highlight: UP sanitation worker earning Rs 15,000 monthly gets tax notice of Rs 33.88 crore