Advertisement
World News
വീണ്ടും ട്രംപിന്റെ ഭീഷണി; യു.എസിനുമേല്‍ ചുമത്തിയ 34% താരിഫ് പിന്‍വലിച്ചില്ലെങ്കില്‍ നാളെമുതല്‍ ചൈനയ്ക്ക് 50% അധിക താരിഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 05:20 pm
Monday, 7th April 2025, 10:50 pm

വാഷിങ്ടണ്‍: ചൈനയോടുള്ള താരിഫ് കലി അടങ്ങാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പകരച്ചുങ്കത്തിന് മറുപടിയായി ചൈന ചുമത്തിയ 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ ചൈനയുമായുള്ള എല്ലാ വ്യാപാരചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു.എസിനെതിരായ താരിഫ് ദുരുപയോഗം ചെയ്തതിന് പുറമെ അമേരിക്കയോട് പ്രതികാരം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അമിത താരിഫുകള്‍ ചുമത്തുമെന്ന തന്റെ മുന്നറിയിപ്പ് ചൈന അവഗണിച്ച് 34% താരിഫ് ചുമത്തിയെന്നും ഇത് പിന്‍വലിച്ചില്ലെങ്കില്‍, ഏപ്രില്‍ ഒമ്പത് മുതല്‍ 50% അധിക താരിഫുകള്‍ അവര്‍ക്കുമേല്‍ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം

‘ഞങ്ങളോട് അഭ്യര്‍ത്ഥിച്ച മീറ്റിങ്ങുകളും ചൈനയുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കും. പകരം മീറ്റിങ്ങുകള്‍ ആവശ്യപ്പെട്ട മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ചൈനീസ് കമ്പനിയായ ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യു.എസ് തീരുവ കുറയ്ക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് ചൈന പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണി.

ദിവസങ്ങള്‍ക്ക് മുമ്പ് പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ട്രംപ് മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം ചൈനയ്ക്കും താരിഫ് ചുമത്തിയത്. 34% താരിഫാണ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയത്. ചൈനയില്‍ നിന്നും കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി അയക്കുന്നത് ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു.

തൊട്ട് പിന്നാലെ എല്ലാ യു.എസ് ഉത്പന്നങ്ങള്‍ക്കും 34% അധിത തീരുവ ചുമത്തുമെന്നും ചില ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനയും അറിയിച്ചു. കൂടാതെ ഏകദേശം 30ഓളം കമ്പനികള്‍ക്ക് ചൈനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

Content Highlight: Trump threatens again; 50% additional tariff on China from tomorrow if they will not withdraw 34% tariff on US