IPL
കാര്യമായി റണ്‍സൊന്നുമില്ലെങ്കിലും ഗെയ്‌ലിനെ വെട്ടി തകര്‍പ്പന്‍ റെക്കോഡുണ്ട്; വീണ്ടും നോ ഹിറ്റായി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 07, 05:31 pm
Monday, 7th April 2025, 11:01 pm

ഐ.പി.എല്ലിലെ കൊമ്പന്‍മാരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയാണ് മുംബൈ ഇന്ത്യന്‍സ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് മുംബൈ കളത്തിലിറങ്ങിയത്.

കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ രോഹിത് കാര്യമായ ഒരു ഇംപാക്ടും ഉണ്ടാക്കാതെ തിരിച്ചുനടന്നു. ഒമ്പത് പന്തില്‍ 17 റണ്‍സാണ് താരം നേടിയത്. സീസണിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

രണ്ടാം ഓവറില്‍ പുറത്തായെങ്കിലും ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ താരം സിക്‌സര്‍ നേടിയിരുന്നു. ഇതോടെ ഒരു നേട്ടവും രോഹിത് സ്വന്തമാക്കി.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ആദ്യ ഓവറില്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 13ാം തവണയാണ് രോഹിത് ഇത്തരത്തില്‍ സിക്‌സര്‍ നേടുന്നത്. വിരേന്ദര്‍ സേവാഗിനെയും ക്രിസ് ഗെയ്‌ലിനെയും മറികടന്നുകൊണ്ടായിരുന്നു രോഹിത്തിന്റെ നേട്ടം.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ആദ്യ ഓവറില്‍ സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 13*

ക്രിസ് ഗെയ്ല്‍ – 12

വിരേന്ദര്‍ സേവാഗ് – 12

അതേസമയം, മത്സരം 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 157 എന്ന നിലയിലാണ് മുംബൈ. 19 പന്തില്‍ 35 റണ്‍സുമായി തിലക് വര്‍മയും എട്ട് പന്തില്‍ 33 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ്, യാഷ് ദയാല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്‌നേഷ് പുത്തൂര്‍

 

Content Highlight: IPL2025: MI vs RCB: Rohit Sharma surpassed Chris Gayle and Virendar Sehwag in most 6s in IPL 1st over