Advertisement
national news
ആരാധനാലയ നിയമത്തിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 03:04 am
Wednesday, 2nd April 2025, 8:34 am

ന്യൂദല്‍ഹി: ആരാധനാലയ നിയമത്തിനെതിരായി സമര്‍പ്പിച്ച പുതിയ ഹരജി തള്ളി സുപ്രീം കോടതി. 1992ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹരജികളുണ്ടെന്നും ഈ വിഷയത്തില്‍ ഒന്നിലധികം നടപടികള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരാധനാലയ നിയമത്തിനെതിരായ പുതിയ ഹരജികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഹരജി.

മറ്റ് ഹരജികളോട് സമാനമായ ഹരജിയാണിതെന്നും ഒരേ ഹരജികളും അപേക്ഷകളും ഫയല്‍ ചെയ്യുന്നത് നിര്‍ത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.

ഹരജിക്കാനായ നിയമവിദ്യാര്‍ത്ഥി നിതിന്‍ ഉപാധ്യായയുടെ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
1947 ഓഗസ്റ്റ് 15ന് ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തണമെന്നും അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തരുതെന്നും വ്യവസ്ഥ ചെയ്യുന്ന 1991ലെ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്താണ് ഉപാധ്യായയുടെ ഹര്‍ജി.

ഇനിതകം തന്നെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ നിയമത്തിന്റെ സാധുത കാണിച്ച് അപേക്ഷ സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചു. മറ്റ് ഹരജികളുമായി വ്യത്യാസമില്ലെന്നും പുതിയ കാരണങ്ങളുണ്ടെങ്കില്‍ നിലവിലുള്ള കേസില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം സംബന്ധിച്ച പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നോ സര്‍വേകള്‍ക്ക് ഉത്തരവിടുന്നതില്‍ നിന്നോ ഇന്ത്യയിലുടനീളമുള്ള കോടതികളെ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. 2024 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കാശി വിശ്വനാഥ്, ഗ്യാന്‍വാപി പള്ളി, കൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ്, സംഭല്‍ ജുമാ മസ്ജിദ്, ഭോജ്ശാല, അജ്മീര്‍ ഷെരീഫ് ദര്‍ഗ തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ ഹരജികളിലും ഉത്തരവ് ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതായിരുന്നു അന്നത്തെ ഉത്തരവ്. മസ്ജിദുകളിലും ദര്‍ഗകളിലും ഉടമസ്ഥാവകാശം അവകാശപ്പെട്ട് ഹിന്ദു സംഘടനകള്‍ ഹരജികള്‍ ഫയല്‍ ചെയ്യുന്നതിനിടെയിലായിരുന്നു കോടതിയുടെ ഇടപെടല്‍.

മുസ്‌ലിം പള്ളികളില്‍ സര്‍വേകള്‍ക്ക് ഉത്തരവുകള്‍ നല്‍കാന്‍ പാടില്ലെന്നും ഹരജികള്‍ വന്നാല്‍ അവയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Supreme Court dismisses petition against Places of Worship Act