Sports News
അദ്ദേഹം ഒരു ഇതിഹാസം, എങ്കില്‍ എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവില്ല: പ്രഭ്‌സിമ്രാന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Wednesday, 2nd April 2025, 8:55 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. ലഖ്നൗവിന്റെ സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ലഖ്നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും സ്വന്തമാക്കിയത്.

പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ മത്സരത്തില്‍ 34 പന്തില്‍ 69 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചത്. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 202.94 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത പ്രഭ്‌സിമ്രാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

മത്സരശേഷം പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിങ്. റിക്കി പോണ്ടിങ് ഒരു ഇതിഹാസമാണെന്നും എപ്പോഴും പോസിറ്റീവായാണ് അദ്ദേഹം സംസാരിക്കുകയെന്നും പ്രഭ്‌സിമ്രാന്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ച വെച്ച് കളി ജയിപ്പിക്കാനാണ് കോച്ച് പറയുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘റിക്കി പോണ്ടിങ് ഒരു ഇതിഹാസമാണ്. എപ്പോഴും പോസിറ്റീവായാണ് അദ്ദേഹം സംസാരിക്കുക. അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ‘എങ്കില്‍’ എന്ന വാക്കില്ല. പോണ്ടിങ് നമ്മളോട് പറയുന്നത് മികച്ച പ്രകടനങ്ങള്‍ നടത്തി കളി ജയിപ്പിക്കാനാണ്. ടീം മാനേജ്മെന്റിന്റെ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. കളികള്‍ പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണ്,’ പ്രഭ്‌സിമ്രാന്‍ പറഞ്ഞു.

ലഖ്നൗവിനെതിരെയുള്ള മത്സരത്തിലെ തന്റെ പ്രകടനത്തെ കുറിച്ചും പ്രഭ്‌സിമ്രാന്‍ സംസാരിച്ചു. നെറ്റ്‌സില്‍ ഞാന്‍ പരിശീലിക്കുന്ന ഷോട്ടുകള്‍ ലഖ്നൗവിനെതിരായ മത്സരത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് നല്ലതാണെന്നും സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ അത് തനിക്ക് ആത്മവിശ്വാസം നല്‍കുമെന്നും താരം പറഞ്ഞു. സ്ഥിരത പുലര്‍ത്തുകയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്കായി കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും പഞ്ചാബ് യുവതാരം കൂട്ടിച്ചേര്‍ത്തു.

‘നെറ്റ്‌സില്‍ ഞാന്‍ പരിശീലിക്കുന്ന ഷോട്ടുകള്‍ ലഖ്നൗവിനെതിരായ മത്സരത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് നല്ലതാണ്. സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ അത് എനിക്ക് ആത്മവിശ്വാസം നല്‍കും. യുവതാരങ്ങള്‍ക്കുള്ള എന്റെ സന്ദേശം സ്ഥിരത പുലര്‍ത്തുകയും ടീമുകള്‍ക്കായി നിങ്ങളുടെ പരമാവധി നല്‍കുകയും ചെയ്യുക എന്നതാണ്. ഇത് ഇന്ത്യയ്ക്കായി കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കും,’ പ്രഭ്‌സിമ്രാന്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം ഏപ്രില്‍ അഞ്ചിനാണ്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാവും കിങ്സ് ലക്ഷ്യമിടുക.

Content Highlight: IPL 2025: Punjab Kings Wicket Batter Prabhsimran Singh Talks About Coach Ricky Ponting