Kerala News
വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട; എറണാകുളത്ത് കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 03:07 am
Wednesday, 2nd April 2025, 8:37 am

കൊച്ചി: വഖഫ് വിഷയത്തില്‍ എറണാകുളത്ത് കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട എന്ന മുന്നറിയിപ്പോട് കൂടിയാണ് പോസ്റ്റര്‍. മുനമ്പം ജനതയുടെ പേരിലുള്ള പോസ്റ്റര്‍ ഹൈബി ഈഡന്‍ എം.പിയുടെ ഓഫീസിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്നത്.

മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന് കോണ്‍ഗ്രസ് എം.പിമാരുടെ ശ്രദ്ധയ്ക്ക് എന്ന വാചകത്തോടെയാണ് പോസ്റ്ററിലെ കുറിപ്പ് ആരംഭിക്കുന്നത്. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ടെന്നും ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരെ വിധിയെഴുതുമെന്നും പോസ്റ്ററില്‍ പറയുന്നു.

‘വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ…. ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഓര്‍ത്തുവെക്കും,’ പോസ്റ്ററില്‍ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ത്ഥനയും ദൈവംകാണാതിരിക്കില്ലെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.

ഇന്ന് (ബുധന്‍) പാര്‍ലമെന്റില്‍ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് എറണാകുളത്ത് കോണ്‍ഗ്രസ് എം.പിമാര്‍ക്കക്കെതിരെ പോസ്റ്റര്‍ ഉയര്‍ന്നത്. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ത്യാ സഖ്യവും വഖഫ് ബില്ലിനെതിരെ ശബ്ദം ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു.

ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിന്മേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ സംസാരിക്കും.

കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സിയും കത്തോലിക്കാ സഭയും രംഗത്തെത്തിയിരുന്നു. വഖഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്നും കെ.സി.ബി.സി പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്നും ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്നുമാണ് കെ.സി.ബി.സിയുടെ ആവശ്യപ്പെട്ടത്.

ഇതിനുപിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ വഖഫ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തു.

2025 ഫെബ്രുവരിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രിസഭ വഖഫ് ബില്‍ അംഗീകരിച്ചത്.

Content Highlight: Don’t think you’ve won even if you oppose the Waqf Bill; Poster against Congress in Ernakulam