Entertainment
എനിക്ക് ഇഷ്ടമുള്ള നടന്‍; അദ്ദേഹത്തെ കണ്ടാല്‍ തന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങും: ദേവയാനി

സുന്ദരപുരുഷന്‍, ബാലേട്ടന്‍, നരന്‍ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ദേവയാനി. 1994ല്‍ കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാള സിനിമയില്‍ എത്തുന്നത്.

തമിഴ് സിനിമയിലും സീരിയലുകളിലും സ്ഥിര സാന്നിധ്യമായ നടി തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴില്‍ മിക്ക മുന്‍നിര താരങ്ങളുടെ കൂടെയും സിനിമ ചെയ്ത ദേവയാനി തന്നെയായിരുന്നു മലയാള സിനിമയായ ഫ്രണ്ട്‌സിന്റെ റീമേക്കില്‍ നായികയായി അഭിനയിച്ചത്.

മലയാളത്തില്‍ മീന ചെയ്ത കഥാപാത്രമായിരുന്നു ദേവയാനിയുടേത്. ചിത്രത്തില്‍ വടിവേലുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വടിവേലുവിനെ കുറിച്ച് പറയുകയാണ് ദേവയാനി.

തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് വടിവേലുവെന്ന് പറയുന്ന ദേവയാനി അദ്ദേഹത്തിന്റെ കോമഡിയൊക്കെ അത്രയും രസിച്ചാണ് കാണാറുള്ളതെന്നും പറഞ്ഞു. ഒപ്പം വടിവേലുവിനെ കണ്ടാല്‍ തന്നെ താന്‍ ചിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് വടിവേലു സാര്‍. എനിക്ക് അദ്ദേഹത്തിന്റെ കോമഡികള്‍ അത്രയേറെ ഇഷ്ടമാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കോമഡിയൊക്കെ അത്രയും രസിച്ചാണ് കാണാറുള്ളത്. ഫ്രണ്ട്‌സ് സിനിമയില്‍ എന്റെ കൂടെ കുറേ സീനുകളില്‍ വടിവേലു സാര്‍ ഉണ്ടായിരുന്നു.

അദ്ദേഹം വന്നാല്‍ തന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങും. സാറിനെ കണ്ടാല്‍ തന്നെ ഞാന്‍ ചിരിക്കും. ഫ്രണ്ട്‌സ് എന്ന സിനിമ അതുകൊണ്ടൊക്കെ തന്നെ എനിക്ക് ഒരു പിക്‌നിക്ക് പോലെ ആയിരുന്നു,’ ദേവയാനി പറയുന്നു.

Content Highlight: Devayani Talks About Vadivelu