തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിൻ്റെ കഥ എഴുതിയത് കെ.ആർ. സുനിലാണ്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് കെ. ആർ. സുനിൽ.
മോഹൻലാലിൻ്റെ ഓരോ സിനിമ വരുമ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടാകുമെന്നും സ്വാഭാവികമായിട്ടും ഈ സിനിമയിലും ലാലേട്ടൻ്റെ പെർഫോമൻസ് ഉണ്ടാകുമെന്നും സുനിൽ പറയുന്നു.
സിനിമയിലെ കഥാപാത്രം മോഹൻലാൽ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടയാളാണ് താനെന്നും എഴുതി വെച്ച കഥയെ അഭിനയിക്കുമ്പോൾ ഉണ്ടായ ഫീലിങ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും സുനിൽ പറഞ്ഞു. തന്നിലൂടെ വന്ന കഥാപാത്രം മോഹൻലാൽ ചെയ്യുമ്പോൾ മോണിറ്ററിൻ്റെ പുറകിൽ താനുണ്ടാകുമെന്നും അതിലെ ചില സീനുകൾ മോഹൻലാൽ ചെയ്ത് കണ്ടപ്പോഴും സിനിമയിൽ മാത്രം കണ്ട മോഹൻലാലിനെ നേരിട്ട് കണ്ടപ്പോഴും തൻ്റെ കണ്ണ് നിറഞ്ഞു പോയെന്നും സുനിൽ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു കെ. ആർ. സുനിൽ.
‘ലാലേട്ടൻ്റെ ഓരോ സിനിമ വരുമ്പോഴും പ്രതീക്ഷയുണ്ടാകുമല്ലോ പ്രേക്ഷകർക്ക്. സ്വാഭാവികമായിട്ടും ഈ സിനിമയിലും ലാലേട്ടൻ്റെ പെർഫോമൻസ് ഉണ്ടാകും.
ലാലേട്ടൻ ഈ കഥാപാത്രത്തിലേക്ക് ആഴത്തിൽ വന്നതൊക്കെ കണ്ട് അത്ഭുതപ്പെട്ടയാളാണ് ഞാൻ. എഴുതി വെച്ച സാധനത്തിനെ അഭിനയിക്കുമ്പോൾ ഉണ്ടായ ഫീലിങ് പറഞ്ഞറിയിക്കാൻ പറ്റാത്ത നിമിഷങ്ങളാണ്. നമ്മളിലൂടെ വന്നൊരു കഥാപാത്രം, എഴുതപ്പെട്ട സീനുകൾ ഒക്കെ ലാലേട്ടൻ ചെയ്യുമ്പോൾ മോണിറ്ററിൻ്റെ പിറകിൽ ഞാനുമുണ്ടാകും.
അതിലെ വളരെ ടച്ച് ചെയ്ത സീനുകളൊക്കെ ലാലേട്ടൻ അതിലേക്ക് ആഴ്ന്നിറങ്ങി ചെയ്തപ്പോൾ മോണിറ്ററിലും കാണാം ലാലേട്ടനെ, നേരിട്ടും കാണാം. സിനിമയിൽ മാത്രം കണ്ട ലാലേട്ടനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം വല്ലാത്തൊരു ഫീൽ ആണ്. നമ്മുടെ കണ്ണൊക്കെ നിറഞ്ഞ് പോയിട്ടുണ്ട്,’ കെ. ആർ. സുനിൽ പറയുന്നു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്. കെ. ആർ. സുനിലും സംവിധായകർ തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
Content Highlight: My eyes filled with tears when I saw Lalettan do that scene: K. R. Sunil