മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന നടന്. അരനൂറ്റാണ്ടിന് മുകളിലായി മലയാളികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളില്ല. കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരം സ്വന്തമാക്കാത്ത അവാര്‍ഡുകളില്ല. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിപ്പിടിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടന്.
തന്റെ ഓഫ് സ്ക്രീന്‍ ചിത്രങ്ങള്‍ കൊണ്ടും പലപ്പോഴും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. കൊവിഡ് സമയത്ത് മമ്മൂട്ടി വര്‍ക്കൗട്ടിന് ശേഷം പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ബസൂക്കയുടെ ലൊക്കേഷനിലെ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിലെ നായികയായ ഐശ്വര്യ മേനോനാണ് ചിത്രം പുറത്തുവിട്ടത്. കാലിന്മേന് കാല് വെച്ചിരിക്കുന്ന മമ്മൂട്ടി തന്റെ കാലില്‍ കട്ടന്‍ ചായയുടെ കപ്പ് വെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ഈ ഇരിപ്പാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
ബിര്ക്കിന്സ്റ്റോക്ക് ചെരുപ്പാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ സമയത്ത് ഈ ഫോട്ടോയെക്കുറിച്ച് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. ഫോട്ടോ പുറത്തുവിട്ടതിന് പിന്നാലെ പലരും ഇതിനെപ്പറ്റിയാണ് ചര്‍ച്ച. ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തതുകൊണ്ടാണോ ഫോട്ടോ പുറത്തുവിട്ടതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ ഇത് പുതിയതല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ ഇതേ പോസിലുള്ള ഫോട്ടോയും ചേര്‍ത്ത് മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ച ലുക്ക് ആയതിനാലാണ് റിലീസിന് ശേഷം ഫോട്ടോ പുറത്തുവിട്ടതെന്ന് ഐശ്വര്യ പറയുന്നുണ്ട്.
ഇന്നേ ദിവസം ചര്‍ച്ചയായ മമ്മൂട്ടിയുടെ രണ്ടാമത്തെ ഫോട്ടോയാണിത്. നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമായ കളങ്കാവലിന്റെ സെക്കന്‍ഡ് ലുക്ക് ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു. വില്ലനായി വേഷമിടുന്ന മമ്മൂട്ടി ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്‍ എന്ന സൈക്കോ കില്ലറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നത്. വിനായകനാണ് ചിത്രത്തിലെ നായകന്. മമ്മൂട്ടിക്കമ്പനിയാണ് കളങ്കാവല്‍ നിര്‍മിക്കുന്നത്.
Content Highlight: Mammootty’s new photo posted by Iswarya Menon viral in social media